ഐപിഎല്‍ 2025 മെഗാ ലേലത്തോട് അടുക്കുമ്പോള്‍ സൂപ്പര്‍താരം രോഹിത് ശര്‍മ്മയുടെ വിധിയേക്കാള്‍ ആകര്‍ഷകമല്ല ആരാധകര്‍ക്ക് മറ്റൊന്നും. കഴിഞ്ഞ സീസണില്‍, മുംബൈ ഇന്ത്യന്‍സ് (എംഐ) ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍സി കൈമാറിയതോടെ അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് തന്റെ നേതൃത്വ റോളില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായി. ഈ ‘തല’മാറ്റ തീരുമാനത്തില്‍ രോഹിത് അസ്വസ്തനായിരുന്നെന്നാണ് അന്ന് പല റിപ്പോര്‍ട്ടുകളും അവകാശപ്പെട്ടത്.
ഇപ്പോള്‍, ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ഇടയില്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു: മുംബൈ ഇന്ത്യന്‍സ് (എംഐ) അവരുടെ ഇതിഹാസ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത്തിനെ നിലനിര്‍ത്തുമോ, അല്ലെങ്കില്‍ അദ്ദേഹം ഐപിഎല്‍ 2025 മെഗാ ലേല പൂളിലേക്ക് പോകുമോ. ഇപ്പോഴിതാ മുന്‍ താരം ആകാശ് ചോപ്ര ഈ ചര്‍ച്ചയില്‍ തന്റെ അഭിപ്രായം പങ്കുവെച്ചു. രോഹിത് ശര്‍മ്മ ടീം വിടാനുള്ള സാധ്യത കൂടുതലാണെന്ന് ചോപ്ര വിലയിരുത്തി.
രോഹിത് ശര്‍മ മുംബൈയില്‍ തുടരുമോ അതോ ടീം വിടുമോ? വലിയൊരു ചോദ്യമാണിത്. വ്യക്തിപരമായി രോഹിത് ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍. മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാന്‍ സാധിക്കുന്ന താരത്തെയെ ടീം യുക്തിപരമായി നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ അവന്റെ പേര് ധോണിയെന്നാവണം. ധോണിയുടേയും സിഎസ്‌കെയുടേയും കാര്യം മറ്റൊരു തലത്തിലുള്ളതാണ്. മുംബൈ രോഹിത്തിനെ ഒഴിവാക്കുന്നതിന് മുമ്പ് രോഹിത് സ്വയം ഒഴിവാകാനാണ് സാധ്യത.
എന്തും സംഭവിക്കാമെങ്കിലും രോഹിത് ടീമില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. രോഹിത് ലേലത്തിലേക്കെത്താതെ നേരിട്ട് മറ്റേതെങ്കിലും ടീമിലേക്ക് മാറാനാണ് സാധ്യത കൂടുതല്‍. നിലവിലെ മുംബൈയുടെ പദ്ധതികളില്‍ രോഹിത്തിന് സ്ഥാനമുണ്ടെന്ന് കരുതുന്നില്ല- ആകാശ് ചോപ്ര പറഞ്ഞു.