കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്.
വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ക്ഷേത്ര പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
സഞ്ജീവനി ആശുപത്രിയില്‍ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരില്‍ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂര്‍ മിംസില്‍ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയില്‍ 11 പേരുമാണുള്ളത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം. കളിയാട്ടത്തിനായി എത്തിച്ച പടക്കങ്ങളും പൂജാ ദ്രവ്യങ്ങളും അടക്കം സൂക്ഷിച്ചിരുന്ന കലവറ പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ അഗ്നിഗോളമായി മാറുന്നതാണ് ക്ഷേത്രമുറ്റത്ത് നിന്നവർ കണ്ടത്.