മറ്റു രാജ്യകാരുമായി ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് പലരെയും പോലെ ഞാനും. പ്രത്യേകിച്ച് ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മറ്റു രാജ്യത്തുള്ളവര്‍ പുകഴ്ത്തിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് ശരിക്കും അഭിമാനം തോന്നും.
ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസിക്കേണ്ടി വന്നപ്പോള്‍ അയല്‍ക്കാരനായി കിട്ടിയത് ക്രിക്കറ്റ് പ്രാന്തനായ ഒരു ശ്രീലങ്കക്കാരനെയായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ ഏറെയൊന്നുമില്ലെങ്കിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ലീഗ് ഐ പി എല്‍ ആണ്. ഇന്ത്യന്‍ താരങ്ങളില്‍ ഋഷഭ് പന്തിന്റെയും കടുത്ത ആരാധകനാണ്. ഇന്ത്യ പ്രധാന പരമ്പരകളോ ടൂര്ണമെന്റുകളോ ജയിക്കുമ്പോള്‍ എന്നോട് നേരിട്ടോ ഫോണിലൂടെയോ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതും പതിവായിരുന്നു. നാട്ടില്‍ കൂട്ടുകാരോട് ഒപ്പമുള്ള കാളികാണലും വിശേഷങ്ങള്‍ പങ്കു വെക്കലും ഒക്കെ മിസ്സ് ആയെങ്കിലും, ഈ ലങ്കന്‍ സുഹൃത്തുമായുള്ള ക്രിക്കറ്റ് ചര്‍ച്ചകള്‍ ആശ്വാസമായിരുന്നു.
പക്ഷെ മാസങ്ങള്‍ക്ക് മുമ്പ് ജോലിക്കാര്യത്തിനു വേണ്ടി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറേണ്ടി വന്നതോടെ ആകെയുണ്ടായിരുന്ന ക്രിക്കറ്റ് കമ്പനിയും നഷ്ടമായി (ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോള്‍ ‘Congratulations, you deserve it’ എന്ന് വിളിച്ച് പറയാന്‍ ലങ്കന്‍ സുഹൃത്ത് മറന്നില്ല). പുതിയ താമസസ്ഥലത്ത് ക്രിക്കറ്റ് അറിയുന്ന ആരെയും കാണാത്തതില്‍ നിരാശയുണ്ടെങ്കിലും പുതിയ ഓഫീസില്‍ എത്തിയപ്പോള്‍ ആശ്വാസമായി. എന്റെ അതെ ടീമില്‍ 3 പാകിസ്താന്‍കാര്‍!
ജോയിന്‍ ചെയ്ത ആദ്യദിവസം തന്നെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ച് ഇവര്‍ മൂവരും ക്രിക്കറ്റ് ഫോളോ ചെയ്യുന്നവരാണെന്നു ഉറപ്പ് വരുത്തി. പാകിസ്ഥാന്‍-ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നതിനു ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഞാന്‍ ഇവരെ പരിചയപ്പെട്ടത്. എന്നെപ്പോലെ തന്നെ അവരും ടെസ്റ്റ് മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു.
പക്ഷെ പരമ്പരയില്‍ പാകിസ്ഥാന്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ പിന്നീടുള്ള ഒഴിവ് സമയസംസാരങ്ങളില്‍ ക്രിക്കറ്റ് വരാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്വന്തം ടീമിന്റെ തോല്‍വി എത്രത്തോളം വേദനാജനകം ആണെന്നറിയാവുന്നതിനാല്‍ ഞാനും തല്‍ക്കാലത്തേക്ക് അകലം പാലിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പിന്നീടായിരുന്നല്ലോ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര. ആദ്യ ടെസ്റ്റിലെ നമ്മുടെ ഗംഭീര വിജയം അവര്‍ കൂടി ശ്രദ്ധിക്കുന്നുണ്ടാവണം എന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ തങ്ങളെ വൈറ്റ് വാഷ് ചെയ്ത ടീമിനെ ഇന്ത്യ തകര്‍ത്തു വിട്ടൂ എന്ന് കേള്‍ക്കുമ്പോഴുള്ള മനോവിഷമം മനസിലാക്കി ഞാന്‍ എന്റെ ആവേശം ഉള്ളിലൊതുക്കി.
അതിന് ശേഷമാണ് കാണ്‍പൂരിലെ നമ്മുടെ അദ്ഭുതവിജയം. ആ ആവേശം ഉള്ളിലൊതുക്കി വെക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇന്ത്യയുടെ വിജയം അവരെ അറിയിക്കുക എന്നതിന് പുറമെ രോഹിതിന്റെയും ജയ്സ്വാളിന്റെയും ബാറ്റിങ്ങിനെക്കുറിച്ച് അവരില്‍ നിന്ന് കേള്‍ക്കാന്‍ ഉള്ള ആകാംക്ഷ കൊണ്ട് ഞാന്‍ അവരില്‍ ഒരാളോട് ചോദിച്ചു, നിങ്ങള്‍ ഇന്നത്തെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ഫോളോ ചെയ്തിരുന്നോ എന്ന്. എന്നെ തീര്‍ത്തും നിരാശന്‍ ആകുന്ന മറുപടി ആയിരുന്നു കിട്ടിയത്.
‘ഞങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിനെ വെറുത്തുക്കൊണ്ടിരിക്കുകയാണ്, ക്രിക്കറ്റിനെ പറ്റി ഒന്നും സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല’. സഹതാപം നിറഞ്ഞ മനസ്സോടെ ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. ‘നിങ്ങളുടെ ടീമില്‍ ഒരുപാട് മികച്ച താരങ്ങളുണ്ട് , തീര്‍ച്ചയായും പാകിസ്ഥാന്‍ തിരിച്ചു വരും’. ‘വിവരം കെട്ട മാനേജ്‌മെന്റും ക്യാപ്റ്റന്‍ ആകാന്‍ നടക്കുന്ന 11 പേരും ,ഇതാണ് ഇപ്പോഴത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ്, ഇനി ഒരു തിരിച്ച് വരവില്ല’. ഇത്രയും പറഞ്ഞ് അവന്‍ വിഷയം വഴി മാറ്റിവിട്ടു.
ക്രിക്കറ്റ് സൗഹൃദം തിരിച്ച് കിട്ടണമെങ്കില്‍ പാകിസ്ഥാന്‍ അടുത്ത പരമ്പരയില്‍ ജയിച്ചേ പറ്റൂ. അത് കൊണ്ട് ജീവിതത്തില്‍ ആദ്യമായി പാകിസ്ഥാന്‍ നന്നായി കളിക്കണേ എന്നാഗ്രഹിച്ചു. അത്‌കൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയപ്പോള്‍ ഞാന്‍ ആശ്വസിച്ചു. ജയിക്കുമോ എന്ന് പറയാനാകില്ലെങ്കിലും ഇത്തവണ പാക് തോല്‍ക്കില്ല എന്ന് ഏറെക്കുറെ ഞാന്‍ ഉറപ്പിച്ചിരുന്നു. എങ്കിലും ടെസ്റ്റ് കഴിയുന്നത് വരെ ഞങ്ങള്‍ കളിയെ പറ്റി സംസാരിച്ചതേ ഇല്ല.
അങ്ങനെ ടെസ്റ്റ് ഇന്ന് കഴിഞ്ഞു,മൂന്ന് പേര്‍ സെഞ്ച്വറി അടിച്ച്, ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സ് നേടിയിട്ടും പാകിസ്ഥാന്‍ ഇന്നിങ്‌സിന് തോറ്റു ഈ കളിയെ പറ്റി ഞാന്‍ അവരോട് സംസാരിച്ചാല്‍ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം, അവര്‍ തന്നെ പറഞ്ഞത് പോലെ ഇനി അടുത്ത കാലത്തൊന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് തിരിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ക്രിക്കറ്റ് സംസാരിക്കണമെങ്കില്‍ ശ്രീലങ്കക്കാരനെയോ അയര്‍ലന്‍ഡ് കാരനെയോ അഫ്ഗാന്‍ കാരനെയോ കണ്ടെത്തേണ്ടി വരും.