കോണ്‍ഗ്രസിന്റെ മാര്‍ച്ച്, ബിജെപിയുടെ പ്രതിഷേധം; പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തിനൊടുവില്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; ‘തല്ലുപിടി’ കേസുകള്‍ ക്രൈബ്രാഞ്ചിന്

കോണ്‍ഗ്രസിന്റെ മാര്‍ച്ച്, ബിജെപിയുടെ പ്രതിഷേധം; പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തിനൊടുവില്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; ‘തല്ലുപിടി’ കേസുകള്‍ ക്രൈബ്രാഞ്ചിന്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനവും പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷത്തിന്റെ തിരിച്ചുള്ള പ്രത്യാക്രമണവും കൊണ്ട് കലുഷിതമായി. അതീവ നാടകീയത നിറഞ്ഞ ഒരു സമ്മേളന കാലമാണ് ഇക്കുറി ഡല്‍ഹിയില്‍ നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷം സഭക്കുള്ളില്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് അവസാന ദിനവും സഭ പിരിഞ്ഞത്. ശീതകാലസമ്മേളനത്തിന്റെ അവസാന ദിനവും കലുഷിതമായതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കടുത്ത പരാമര്‍ശങ്ങളും തല്ലുപിടിയും പാര്‍ലമെന്റിന്റെ മകര്‍ ദ്വാറിന്റെ മതിലില്‍ കയറി നിന്നുള്ള പ്രതിപക്ഷ പ്രതിഷേധവും എംപിമാര്‍ തമ്മിലുള്ള കയ്യാങ്കളി പൊലീസ് കേസുകളായി മാറിയതിന് ശേഷമാണ് സഭ പിരിഞ്ഞിരിക്കുന്നത്.

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രണ്ട് ബില്ലുകള്‍ 9 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വെള്ളിയാഴ്ച രാവിലെ അയച്ചതിന് ശേഷമാണ് സഭ പിരിഞ്ഞത്. 2034-ാടെ ഒരേസമയം ലോക്‌സഭാ- സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലാണ് കമ്മിറ്റിയ്ക്ക് – അയച്ചിരിക്കുന്നത്. എന്നാല്‍ ലോക്സഭാ ശീതകാല സമ്മേളനത്തിന്റെ അവസാന നടപടിയും കോണ്‍ഗ്രസ് ബിജെപി പ്രതിഷേധത്തിലാണ് അവസാനിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘അംബേദ്കറാണ് ഫാഷന്‍’ എന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ സഭ പ്രതിഷേധത്തില്‍ മുങ്ങി.

വ്യാഴാഴ്ചത്തെ പാര്‍ലമെന്റിലെ അക്രമ സംഭവങ്ങളിലും തര്‍ക്കത്തിലും പരിക്കേറ്റുവെന്ന പരാതിയുമായി ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പാര്‍ലമെന്റ് വളപ്പിലെ അക്രമത്തെ കുറിച്ചുള്ള പരാതികളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം. ഈയാഴ്ച ആദ്യം രാജ്യസഭയില്‍ ഡോ.ബി ആര്‍അംബേദ്കറെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത രോഷമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം, പ്രേരണ, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കാവി പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനിടെ, പാര്‍ലമെന്റ് വളപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ പരാതികള്‍ ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

ഇന്നലത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം ഇന്നും അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധമുയര്‍ത്തി. പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് അവഗണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ മറികടന്നാണ് ഐ ആം അംബേദ്കര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. വിജയ് ചൗക്കില്‍ നിന്ന് പ്രതിഷേധമാര്‍ച്ചുമായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലേക്കെത്തിയത്. അമിത് ഷാ രാജിവെക്കണമെന്നും അംബേദ്കര്‍ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും ഇന്ത്യ മുന്നണി ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *