മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. കടവന്ത്ര ചെലവന്നൂരിലെ പേൾസ് ഗാർഡൻ വ്യൂവിന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമാ തോമസ്. സാധാരണക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് മതിയായ ബദൽ പദ്ധതികൾ ഇല്ലാതെയാണ് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് എംഎൽഎ ആരോപിച്ചു.
തൃക്കാക്കരയിൽ നടക്കുന്ന മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ എല്ലാ റസിഡൻ്റ്സ് അസോസിയേഷനുകളും പങ്കെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വികസനകൾക്കെതിരെയല്ല, മറിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന രീതികൾക്കെതിരെയും മതിയായ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനെതിരെയുമാണ് പ്രതിഷേധങ്ങൾ നടത്തുന്നതെന്നും ഉമാ തോമസ് വ്യക്തമാക്കി.
പേൾസ് ഗാർഡൻ വ്യൂവിന്റെ ഇത്തവണത്തെ ഓണാഘോഷം എംഎൽഎയോടൊപ്പം റസിഡൻ്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മുബിനും ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, തിരുവാതിര, കൾച്ചറൽ പ്രോഗ്രാംസ്, നാടൻപാട്ട്, വടംവലി മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. ഐഡിയൽ, പേസ്ട്രി വേൾഡ്, എജിഎ എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസേർസ്.