കൊച്ചിയിലെ അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലെന്ന് വിവരം. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പോയി. വന്‍ ജനത്തിരക്കുള്ള റാലി, സംഗീത പരിപാടി എന്നിവയില്‍ കടന്നുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന അസ്‌ലം ഖാന്‍ സംഘമാണ് കൂട്ട മോഷണത്തിന് പിന്നലെന്നാണ് നിഗമനം.
മൂന്ന് ഐഫോണുകളില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലെന്ന സൂചന ലഭിച്ചത്. ഫോണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് മോഷണ സംഘം. ഫോണുകള്‍ പൊളിച്ച് പാര്‍ട്‌സ് ആക്കി വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. പ്രോസസര്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ ഏജന്റുമാര്‍ മുഖേന മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് എത്തുന്നത് ഒഴിവാക്കാനാണ് ഈ രീതി.
കൊച്ചിയിലെ പരിപാടിയിൽ മൊബൈലുകൾ മോഷ്ടിച്ച ശേഷം മോഷണ സംഘം വിമാനത്തിലും രണ്ടാം സംഘം ട്രെയിനിലും കേരളം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫ്ലൈറ്റിൽ വന്ന് മോഷണം നടത്തി ട്രെയിനിൽ മടങ്ങുന്നതാണ് അസ്ലം ഖാൻ ഗ്യാങിന്റെ രീതി. നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികൾ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങൾ അടങ്ങുന്നതാണ് അസ്‌ലം ഖാൻ്റെ ഗ്യാങ്.