അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

യുക്രെയ്‌നെതിരേയുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിനായി ഉത്തര കൊറിയന്‍ സൈന്യം റഷ്യയിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് നാറ്റോ. യുക്രെയ്‌നെതിരേയുള്ള റഷ്യയുടെ പോരാട്ടം ശക്തമായി നടക്കുന്ന കുര്‍സ്‌ക് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടിണ്ടെന്നാണു വിവരമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. സംഭവം യുദ്ധം അപകടകരമായ നിലയില്‍ രൂക്ഷമാകുന്നതിന്റെ അടയാളമാണ്.

സ്ഥിതി തങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, യുക്രെയ്ന്‍ ആഭ്യന്തര മന്ത്രി എന്നിവരുമായി ഉടന്‍ സംസാരിക്കുമെന്നും റുട്ടെ വ്യക്തമാക്കി.
റഷ്യയുമായി ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഉത്തരകൊറിയ സൈന്യത്തെ അയച്ച് തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജന്‍സിയെ ഉദ്ധരിച്ച് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10,000 ഉത്തരകൊറിയന്‍ സൈനികര്‍ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതായി യുക്രെയിന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ദക്ഷിണ കൊറിയന്‍ ചാര സംഘടനയും നല്‍കിയിരിക്കുന്നത്. അവരുടെ കണക്കുപ്രകാരം 12,000 ഉത്തര കൊറിയന്‍ സൈനികരാണ് റഷ്യന്‍ മുന്നണിയില്‍ ചേര്‍ന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ദക്ഷിണ കൊറിയയും യുക്രെയിനും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അടുത്ത വര്‍ഷത്തോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ‘വിജയ പദ്ധതി’ യുക്രെയ്ന്‍ പാര്‍ലമെന്റില്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അവതരിപ്പിച്ചു.

ഉപാധികളില്ലാതെ നാറ്റോ അംഗത്വം അനുവദിക്കുന്നതിനൊപ്പം പാശ്ചാത്യശക്തികളുടെ ആയുധപിന്തുണയും ഉണ്ടെങ്കില്‍ യുദ്ധം തീരുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നിനെ സഹായിച്ചാല്‍ പകരം രാജ്യത്തിന്റെ പ്രകൃതി, ധാതുവിഭവങ്ങള്‍ വികസിപ്പിക്കാന്‍ പാശ്ചാത്യശക്തികളെ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യുക്രെയ്ന്‍ സൈന്യം യൂറോപ്പില്‍ നാറ്റോയുടെ ശക്തി വര്‍ധിപ്പിക്കും. നിലവില്‍ യൂറോപ്പിലുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനും ഇത് ഉപകരിക്കും. പാശ്ചാത്യശക്തികള്‍ പദ്ധതി അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിനു റഷ്യ നിര്‍ബന്ധിതമാകുമെന്നും സെലെന്‍സ്‌കി പറഞ്ഞു.

കിഴക്കന്‍ യുക്രെയ്‌നിലെ നല്ലൊരുഭാഗം കീഴടക്കി റഷ്യന്‍ സൈന്യം മുന്നേറ്റം തുടരുകയും വൈദ്യുതിയില്ലാത്ത കടുത്ത മഞ്ഞുകാലം അടുത്തുവരികയും ചെയ്യുന്ന സാഹചര്യത്തിലാണു സെലെന്‍സ്‌കി വിജയ പദ്ധതി അവതരിപ്പിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *