‘സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ റോഡില്‍ പൊലീസിന്റെ ഗുണ്ടായിസം’; ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെകുടുംബത്തെ സന്ദർശിച്ച് പിവി അന്‍വര്‍

‘സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ റോഡില്‍ പൊലീസിന്റെ ഗുണ്ടായിസം’; ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെകുടുംബത്തെ സന്ദർശിച്ച് പിവി അന്‍വര്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍ഗോഡ് റെസ്റ്റ് ഹൗസിലെത്തി അൻവറുമായി സംസാരിച്ചു. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി.

പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം കുടുംബം അന്‍വറിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കുടുംബം അന്‍വറിനെ അറിയിച്ചു. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. കേസിൽ എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്കും പൊലീസുകാരില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നു.

അബ്ദുള്‍ സത്താറിനെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അൻവർ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടുവെച്ചു നല്‍കണം. കുടുംബത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങും. അക്കൗണ്ട് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ?

കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പിവി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പൊലീസ് കാണിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *