മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധം; പ്രതികളുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വേട്ടയാടുന്നു; ഡിവൈഎസ്പി ബെന്നി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധം; പ്രതികളുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വേട്ടയാടുന്നു; ഡിവൈഎസ്പി ബെന്നി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തില്‍ അഗസ്റ്റിന്‍ സഹോദരങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലും വേട്ടയാടുന്നതായി താനൂര്‍ ഡിവൈഎസ്പി ബെന്നി. റിപ്പോര്‍ട്ടര്‍ ചാനല്‍ തനിക്കെതിരായി നല്‍കിയ ലൈംഗീകാതിക്രമ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.
മരംമുറിക്കേസിലെ പ്രതികള്‍ സ്വന്തം ചാനല്‍ ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ഡിജിപിക്ക് അയച്ച കത്തില്‍ അദേഹം വ്യക്തമാക്കി.

ചാനല്‍ സംപ്രേക്ഷണംചെയ്ത വാര്‍ത്ത മൂന്ന് ദിവസത്തിനുള്ളില്‍ നീക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ബെന്നി റിപ്പോര്‍ട്ടര്‍ ചാനലിന് കത്ത് നല്‍കി.

നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും വി.വി ബെന്നി പറഞ്ഞു. മുട്ടില്‍മരം മുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നല്‍കിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.

വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ ,ആന്റോ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടില്‍മരം മുറി കേസ് പ്രതികള്‍ സ്വന്തം ചാനലായ റിപ്പോര്‍ട്ടറിലൂടെ തന്നെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തില്‍ ബെന്നി വ്യക്തമാക്കിയിരുന്നു.

2021 ല്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയായിരുന്നപ്പോഴാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. 100ശതമാനവും താന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. പൊന്നാനിയിലെ വീട്ടമ്മയാണ് പോലീസുകാര്‍ക്കെതിരേ ലൈംഗീകാരോപണവുമായി രംഗത്തെത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *