ബ്രിസ്‌ബെയിനിൽ ഇന്ത്യ പ്രതീക്ഷിച്ചത് ഒരു അത്ഭുതം മാത്രമാണ്. “സമനില കൊണ്ട് മടങ്ങാം എന്നത്”. എന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് എത്താനുള്ള സാധ്യതയും ഇന്ത്യ നശിപ്പിച്ചിരിക്കുന്നു. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് പിന്തുടർന്ന ഇന്ത്യ 155 റൺസിന് പുറത്താക്കുക ആയിരുന്നു. ഓസ്‌ട്രേലിയക്ക് 184 റൺസിന്റെ കൂറ്റൻ ജയവും പരമ്പരയിൽ 2 – 1 ലീഡും.
മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചുവരാനും ആധിപത്യം ഉറപ്പിക്കാനുമൊക്കെ ഒരുപാട് സമയം ഉണ്ടായിരുന്നു എങ്കിലും ടീമിനെ സംബന്ധിച്ച് ഒന്നോ രണ്ടോ താരങ്ങളുടെ വ്യക്തിഗത മികവ് മാറ്റി നിർത്തിയാൽ ടീം എന്ന നിലയിൽ പരാജയമായത് നിരാശയായി. ബാറ്റിംഗിൽ ജയ്‌സ്വാളും നിതീഷ് കുമാറും ബോളിങ്ങിൽ ബുംറയും മാറ്റി നിർത്തിയാൽ ഇന്ത്യക്ക് സ്റ്റാൻഡ് ഔട്ട് താരങ്ങൾ ഇല്ലായിരുന്നു. അത് തന്നെയാണ് ടീമിന്റെ പരാജയത്തിന് കാരണമായതും.
എന്തായാലും മത്സരശേഷം രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചു എങ്കിൽ അദ്ദേഹം താൻ ഇനിയും തുടരും എന്ന സൂചനയാണ് നൽകിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഞാൻ നിൽക്കുന്ന സ്ഥലത്ത് തന്നെ തുടർന്നും നിൽക്കും. ഒരു ക്യാപ്റ്റനെന്ന നിലയിൽ കുറച്ച് ഫലങ്ങൾ ഞങ്ങളുടെ വഴിക്ക് പോയില്ല, ബാറ്റിംഗ് നിരാശാജനകമാണ്. മാനസികമായി അത് അസ്വസ്ഥമാക്കുന്നു. ടീം എന്ന നിലയിൽ ചില കാര്യങ്ങൾ ഞങ്ങൾക്ക് നോക്കി കാണേണ്ടതായി ഉണ്ട്.” അദ്ദേഹം പറഞ്ഞു.
“സിഡ്‌നിയിലാണ് അടുത്ത മത്സരം നടക്കുന്നത്. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് അവിടെ കാണിച്ചുതരാം. ” അദ്ദേഹം പറഞ്ഞു.
എന്തായാലും പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യ ബോർഡർ ഗവാസ്‌ക്കർ ട്രോഫി നിലനിർത്താൻ അടുത്ത ടെസ്റ്റ് എങ്ങനെയും ജയിക്കാൻ ശ്രമിക്കും.