
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിലെ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ച് കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി. പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലിൽ കഴിയണമെന്നാണ് വിധി. 50,000 രൂപ പിഴയും വിധിച്ചു. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് കോടതി വിധിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും സഞ്ജയ് റോയിക്ക് വധശിക്ഷ വിധിക്കണമെന്നും കേസന്വേഷിച്ച സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഇപ്പോഴയും സഞ്ജയ് റോയ് വാദിക്കുന്നത്.
2024 ഓഗസ്റ്റ് ഒൻപതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാർത്ഥിനിയെ ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.