സഞ്ജു സാംസൺ 2015 ൽ തൻ്റെ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി നടക്കുകയാണ്. 2015 ൽ സിംബാബ്‌വെയ്‌ക്കെതിരെ കന്നി ടി20 കളിച്ച അദ്ദേഹം അടുത്ത നാല് വർഷത്തേക്ക് ദേശീയ ടീമിന് പുറത്തായിരുന്നു. 2019ൽ അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും ഒരു പരമ്പരയ്ക്ക് ശേഷം പുറത്തായി.
സാംസണിൻ്റെ സ്ഥിരതകുറവാണ് അദ്ദേഹത്തെ പലപ്പോഴും ചതിച്ചത് എന്ന് പറയാം. എങ്കിലും സമീപകാലത്ത് അദ്ദേഹം നടത്തിയ ചില തീപ്പൊരി പ്രകടനങ്ങൾ ടീമിൽ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് താരം സംസാരിച്ചിരിക്കുകയാണ്. ടീമിൻ്റെ ആവശ്യാനുസരണം പൊസിഷൻ മാറിയെങ്കിലും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ സാംസൺ ഇഷ്ടപ്പെടുന്നു.
തൻ്റെ യൂട്യൂബ് ചാനലിൽ വിമൽ കുമാറിനോട് സംസാരിച്ച വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ പറഞ്ഞു: “ഏറ്റവും നേരത്തെ ബാറ്റ് ചെയ്യുന്നോ അത്രയും നല്ലത്.”2020-ൽ ന്യൂസിലൻഡിനെതിരെ ടി20യിൽ ആദ്യമായി സാംസൺ ഓപ്പണർ ആയിരുന്നു. രണ്ട് ഇന്നിംഗ്സുകളിലും 10 റൺസ് കടമ്പ മറികടക്കാൻ അദ്ദേഹത്തിന് ആയില്ല.
2023-ൽ സാംസണിന് കുറച്ച് മത്സരങ്ങൾ കളിക്കാനായെങ്കിലും വലിയ സ്കോറുകൾ അദ്ദേഹത്തിന് നേടാൻ ആയിരുന്നില്ല. എന്നാൽ ബംഗ്ലാദേശ് പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നുമായി 39 റൺ നേടിയ താരം മൂന്നാം ടി20യിൽ 47 പന്തിൽ 111 റൺസ് നേടിയ സാംസൺ മികച്ച സെഞ്ച്വറി നേടി ടീമിലെ തൻ്റെ സ്ഥാനം ഉറപ്പിച്ചു. നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ടീമിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
സഞ്ജുവിനെ സംബന്ധിച്ച് തുടർന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം കൂടി വരുന്ന സാഹചര്യത്തിൽ സഞ്ജുവിന് അത് അത്യാവശ്യവുമാണ്.