വർഷങ്ങളോളം പ്രയത്നിച്ച് കാത്തിരിക്കുന്നവനെ കാലം കൈവിടില്ല എന്നത് എത്ര സത്യമായ കാര്യമാണ്. സഞ്ജു സാംസൺ തന്റെ കഠിനാധ്വാനത്തിന്റെ വിയർപ്പ് തുടച്ചത് സെഞ്ച്വറി വീശിയ കാറ്റിലൂടെയായിരുന്നു. ഹൈദരാബാദ് കാണികളുടെ മുന്നിൽ ഒരു മലയാളി താരത്തിന്റെ സംഹാര താണ്ഡവത്തിനായിരുന്നു അന്നവർ സാക്ഷിയായത്. കിട്ടിയ അവസരങ്ങൾ മുതലാക്കില്ല, അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്നു, സഹതാരത്തെ റൺ ഔട്ട് ആകുന്നു, എന്നെല്ലാം പറഞ്ഞിട്ടുള്ള സുനിൽ ഗവാസ്കറിന് നാക്കുകൊണ്ട് മറുപടി പറയാതെ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞു മലയാളി പവർ എന്താണെന്ന് കാണിച്ച് കൊടുത്ത സഞ്ജു സാംസൺ അന്ന് നേടിയത് ഇന്ത്യൻ ടി 20 ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡ് ആണ്.
സഞ്ജു തന്റെ തുടക്ക കാലത്ത് പ്രധാനമായും ലെഗ് സൈഡിലേക്ക് അടിച്ചായിരുന്നു കൂടുതൽ റൺസ് നേടിയിരുന്നത്. എന്നാൽ അന്നത്തെ മത്സരത്തിൽ സഞ്ജു തന്റെ ബാറ്റിംഗ് ശൈലി മാറ്റി. ലെഗ് സൈഡിലും ഓഫ് സൈഡിലും ഒരേ രീതിയിൽ തന്നെ ആയിരുന്നു അദ്ദേഹം റൺസ് ഉയർത്തിയിരുന്നത്. പുള്ള് ഷോട്ടുകൾ കൊണ്ടും പിക്കപ് ഷോട്ടുകൾ കൊണ്ടും ലെഗ് സൈഡിൽ അടിച്ചു തിമിർത്തപ്പോൾ, ലോഫ്റ്റഡ് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്താനും അദ്ദേഹം മറന്നില്ല.
ഓഫ് ഡ്രൈവിലൂടെ മാത്രം അദ്ദേഹം നേടിയത് 29 റൺസ് ആയിരുന്നു. കൂറ്റൻ ഷോട്ടുകൾ മാത്രമല്ല ക്ലാസ് ഷോട്ടുകളിലൂടെയും തനിക്ക് സിക്‌സറുകൾ നേടാൻ സാധിക്കും എന്നത് സഞ്ജു തെളിയിച്ചു. അതിന് ഉദാഹരണമാണ് ബംഗ്ലാദേശ് താരമായ റിഷാദ് ഹുസൈന്റെ ആ ഓവർ. 6 പന്തിൽ നിന്നും 5 കിടിലൻ സിക്‌സറുകൾ പറത്തിയ സഞ്ജു അദ്ദേഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയാണ് സമ്മാനിച്ചത്. സഞ്ജു നേടിയ 8 സിക്സുകളിൽ അഞ്ചെണ്ണം ഓഫ് സൈഡിലേക്കായിരുന്നു. 11 ഫോറുകളിൽ 7 എണ്ണം ലെഗ് സൈഡിലും. രണ്ട് വശങ്ങളിലും തുല്യമായ രീതിയിൽ റൺസ് നേടിയിരുന്നു സഞ്ജു ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചത്.
40 പന്തുകളിൽ സെഞ്ച്വറി തികച്ച സഞ്ജുവിന് മുൻപ് ടി-20 യിൽ ഫാസ്റ്റസ്റ് സെഞ്ച്വറി റെക്കോഡ് നേടിയ മറ്റൊരു തരമുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ. 2017 ഇൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി-20 മത്സരത്തിൽ വെറും 35 പന്തുകളിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി നേടി റെക്കോഡ് സ്വന്തമാക്കിയത്. ഒരിക്കൽ തന്റെ പടുകൂറ്റൻ സിക്സ് കണ്ട അമ്പയർ രോഹിത്തിനോട് ചോദിച്ചു ഏത് താരം ബാറ്റ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന്. കൈ ഉയർത്തി പിടിച്ച് തന്റെ മസ്സിൽ ഉരുട്ടി കയറ്റിയതാണ് എന്നതാണ് അദ്ദേഹം പറഞ്ഞ മറുപടി. അത് പോലെ തന്നെ ആയിരുന്നു സഞ്ജു സെഞ്ചുറി നേടിയ സമയം നടത്തിയ സെലിബ്രേഷനും.
തന്റെ മസ്സിൽ പവർ എന്താണെന്ന് കാണിക്കുന്ന തരമായിരുന്നു അദ്ദേഹം സെലിബ്രേറ്റ് ചെയ്തത്. കഴിഞ്ഞ വര്ഷം സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഏകദിന മത്സരത്തിൽ സഞ്ജു തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയിരുന്നു. അന്നായിരുന്നു അദ്ദേഹം തന്റെ മസ്സിൽ പവർ സെലിബ്രേഷൻ ആദ്യമായി നടത്തിയത്.
നവംബറിൽ നടക്കാൻ പോകുന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള 4 ടി-20 പരമ്പരയാണ് ഈ വർഷം ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. അതിന് ശേഷം അടുത്ത വർഷം ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന 5 ടി-20 പരമ്പരകളും വരുന്നുണ്ട്. കൂടാതെ ഐപിഎലും നടക്കാനുണ്ട്. ഇന്ത്യൻ ടി-20 ടീമിൽ സ്ഥിരം സാന്നിധ്യമായി സഞ്ജുവിന് നിലയുറപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരങ്ങൾ ആണ് ഇനി വരാനിരിക്കുന്ന ഈ മത്സരങ്ങൾ.