ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്സ്മാൻ ആരാണെന്ന് ഇനി തെളിയിക്കേണ്ട ആവശ്യമില്ല സഞ്ജു സാംസണിന്. ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ടി-20 യിൽ ഇന്ത്യ കണ്ട എക്കാലത്തെയും വെടിക്കെട്ട് ടി-20 ബാറ്റിംഗ് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. 47 പന്തിൽ നിന്നും 111 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. ഇനിയുള്ള ഇന്ത്യൻ ടി-20 മത്സരങ്ങളിൽ സഞ്ജു ടീമിലെ സ്ഥിരം താരമായി തുടരും എന്ന കാര്യത്തിൽ ഉറപ്പായി കഴിഞ്ഞു.
സഞ്ജു സാംസണിനെ പിതാവായ സാംസൺ വിശ്വനാഥ് സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മുൻപ് സഞ്ജുവിനോട് ഏത് പൊസിഷനിൽ കളിക്കണം എന്ന് പറഞ്ഞത് അദ്ദേഹമായിരുന്നു. കൂടാതെ തന്റെ അക്രമണോസക്തമായ ബാറ്റിംഗ് ശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസൺ വിശ്വനാഥൻ പറയുന്നത് ഇങ്ങനെ:
“സഞ്ജുവിന് അവന്റേതായ ശൈലിയുണ്ട്. കരിയറില്‍ അല്‍പ്പം പിന്നോട്ട് പോയെന്ന് തോന്നിയ സമയത്ത് ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. എടാ ക്രീസില്‍ കുറച്ച് നേരം പിടിച്ചുനിന്ന് അക്കൗണ്ടില്‍ റണ്‍സ് ചേര്‍ത്ത ശേഷം ആക്രമിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. എന്നാല്‍ അത് പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്. ഞാൻ പറഞ്ഞത് അവൻ കേട്ടില്ല. ആക്രമണ ബാറ്റിങ്ങാണ് അവന് ഇഷ്ടം. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്നതാണ് അവന്റെ രീതി. സഞ്ജു ഇവിടെവരെയെത്തിയതും ഇത്രയും ആരാധകരെ സൃഷ്ടിച്ചതും ഇതേ ശൈലിയിലൂടെയാണ്”
സാംസൺ വിശ്വനാഥൻ തുടർന്നു:
“ഇപ്പോള്‍ അവന് പ്രതിഭക്കൊത്തുള്ള പ്രകടനം നടത്താന്‍ സാധിച്ചിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമിനൊപ്പം അവനെ തുടര്‍ച്ചയായി കാണാം. അവന്റെ പ്രകടനത്തില്‍ വലിയ അഭിമാനം തോന്നുന്നു. നേരത്തെ ഇന്ത്യന്‍ ടീമില്‍ ഗസ്റ്റ് റോളായിരുന്നു സഞ്ജുവിന്. വരുന്നു പോകുന്നു എന്ന അവസ്ഥയായതിനാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പലപ്പോഴും അവന് സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോഴത്തെ പ്രകടനം വലിയ കരുത്ത് നല്‍കുന്നതാണ്” സാംസൺ വിശ്വനാഥൻ പറഞ്ഞു.