വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ അതിദയനീയ പ്രകടനം നടത്തുന്ന സഞ്ജു സാംസണിനെ പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്നലെ നടന്ന മൂന്നാം ടി 20 യിൽ തീർത്തും നിരാശപ്പെടുത്തിയ സഞ്ജു മൂന്ന് റൺ മാത്രം നേടിയാണ് വീണത്. കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ 26 റൺസ് നേടിയ സഞ്ജു, ചെന്നൈയിൽ രണ്ടാം ടി20യിൽ അഞ്ച് റൺസിനും പുറത്തായി. ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്നായി 34 റൺ മാത്രം നേടിയ സഞ്ജു സാംസൺ ഒരേ താളത്തിൽ ഉള്ള ഷോട്ടുകൾക്ക് ശ്രമിച്ചാണ് വിക്കറ്റ് കളഞ്ഞത്. മൂന്ന് മത്സരങ്ങളിലും ജോഫ്ര ആർച്ചറുടെ പന്തുകൾക്ക് മുന്നിൽ താരം വീഴുക ആയിരുന്നു.

അതിനാൽ തന്നെ സഞ്ജു സാംസണിന് നേരെ വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഉയരുന്നത്. താരത്തെ പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം ആളുകൾ ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെയാണ് സഞ്ജുവിന് പിന്തുണയുമായി പീറ്റേഴ്‌സണെത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോർട്ട് ബോളുകൾ കളിക്കാൻ അറിയാം അവന്. ക്രീസിൽ ഉറച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമർശനം ഉന്നയിക്കാൻ എനിക്കാവുന്നില്ല. ടോപ് ഓർഡറിൽ താരങ്ങൾ റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. സഞ്ജു തന്റെ യഥാർത്ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെ ഞാൻ കരുതുന്നു.” പീറ്റേഴ്‌സൺ പറഞ്ഞു.

സ്ഥിരത കാണിക്കാതെ കളിക്കുന്ന താരം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാതെയിരിക്കുന്നത് നന്നായി എന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. പരമ്പരയിൽ ബാക്കിയുള്ള രണ്ട് ടി 20 മത്സരങ്ങളിലും സഞ്ജു തന്റെ മികവ് കാട്ടിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

മത്സരത്തിലേക്ക് വന്നാൽ സഞ്ജു ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയപ്പോൾ രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യക്ക് 26 റൺസിന്റെ തോൽവി. രാജ്കോട്ട്, നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനാണ് സാധിച്ചത്. 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറർ. പരമ്പരയിൽ ഇന്ത്യ 2 – 1 ന് മുന്നിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *