
സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിലേക്ക് ഒന്ന് നോക്കിയാൽ ശരിക്കും ഇത്രമാത്രം റോളർ കോസ്റ്റർ റൈഡ് പോലെ ഉള്ള കരിയർ ആർക്കെങ്കിലും ഉണ്ടോ എന്ന് കാണുന്നവർക്ക് സംശയം തോന്നിയാലും അതിൽ കുറ്റം പറയാൻ സാധിക്കില്ല. നേരത്തെ താൻ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറി നേടിയപ്പോൾ സഞ്ജു സാംസൺ ഇന്ത്യയുടെ പ്രീമിയർ ടി20 ഐ ഓപ്പണറായി ഉയർന്നു. ഇന്ത്യയുടെ ടി20 ഐ ടീമിൽ പണ്ട് രോഹിത് ശർമ്മ ചെയ്ത റോൾ ചെയ്യാൻ പറ്റുന്ന താരമാണ് സഞ്ജു എന്ന് മൂന്ന് സെഞ്ചുറികൾ ഒകെ നേടിയതോടെ ആരാധകർ ഉറപ്പിക്കുകയും ചെയ്തു.
സഞ്ജു ഇനി ടീമിൽ നിന്ന് പുറത്തേക്ക് പോകണം എങ്കിൽ അതുപോലെ ദുരന്ത പ്രകടനം നടത്തിയാൽ മാത്രമേ സംഭവിക്കു എന്ന് ഉറപ്പിച്ച സമയത്തായിരുന്നു ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര വന്നത്. പരമ്പരയിൽ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ സഞ്ജുവിന് ആകെ നേടാൻ സാധിച്ചത് 35 റൺ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ പണ്ട് താൻ നിന്ന അതെ ബുദ്ധിമുട്ടേറിയ അവസ്ഥയിലേക്ക് സഞ്ജു വീണ്ടും കടന്നിരിക്കുന്നു. ജയ്‌സ്വാൾ, ഋതുരാജ് തുടങ്ങിയവർ അവസരം കാത്തിരിക്കുമ്പോഴാണ് ഈ ദുരന്ത പ്രകടനം വന്നത് എന്ന് ശ്രദ്ധിക്കണം.
ഏകദേശം ഒരേ പോലത്തെ ഷോട്ടുകൾക്ക് ശ്രമിച്ചാണ് സഞ്ജു ഈ ടി 20 പരമ്പരയിൽ ഉടനീളം തന്റെ വിക്കറ്റുകൾ നൽകിയത് എന്നതാണ് കൂടുതൽ വിഷമകരമായ കാര്യം. ഈ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സാംസൺ പുറത്തായത്, അത് സ്റ്റമ്പ് ലൈനിൽ പിച്ച് ചെയ്ത ഷോർട്ട് ഡെലിവറി കളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്. ഓരോ തവണയും ഈ ലൈനിൽ പിച്ച് ചെയ്ത പന്തുകളിൽ ബെറ്റുവെച്ച താരം ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിനും മിഡ്-ഓണിനും ഇടയിലുള്ള വശത്ത് ക്യാച്ചുകൾ നൽകി മടങ്ങുക ആയിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളിൽ താരം ജോഫ്ര ആർച്ചർ എറിഞ്ഞ പന്തുകളിലാണ് പുറത്തായത്. കാരണം വ്യക്തമായിരുന്നു. ആർച്ചറുടെ അധിക വേഗത സാംസണിന് പന്ത് ടൈമിംഗ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. എന്നിരുന്നാലും, ഇന്നലെ പൂനെയിൽ നടന്ന നാലാം ടി20യിൽ, മണിക്കൂറിൽ 129 കിലോമീറ്റർ വേഗതയിൽ വന്ന ഒരു പന്തിൽ സാഖിബ് മഹമൂദ് സഞ്ജുവിനെ മടക്കി. ഇത്തവണയും ടൈമിംഗ് തെറ്റുക ആയിരുന്നു താരത്തിന്. സാംസന്റെ പുൾ ഷോട്ട് ഡീപ് സ്ക്വയർ ലെഗിലെ ക്യാച്ചിൽ അവസാനിക്കുക ആയിരുന്നു.
ഈ പ്രശ്‌നങ്ങളെല്ലാം കാരണം പരമ്പരയിലെ ഷോർട്ട് ഡെലിവറികൾക്കെതിരെ അദ്ദേഹത്തിൻ്റെ ശരാശരി 4.6 ആയി കുറയാൻ കാരണമായി. ഈ പരമ്പരയ്ക്ക് മുമ്പ്, 2022 മുതൽ എല്ലാ ടി20കളിലുംആയി ഷോർട്ട് ഡെലിവറികളുടെ ശരാശരി 28.9 ആയിരുന്നു. അതിനാൽ വ്യക്തമായി, ഇത് തൻ്റെ കരിയറിൽ ഉടനീളം അഭിമുഖീകരിക്കാത്ത ഒരു പ്രശ്നമാണ്.
തൻ്റെ ശരീരത്തിന് നേരെ വരുന്ന പന്തുകളെ ശരിയായി ടൈം ചെയ്യാനുള്ള പ്രശ്നത്തെ സഞ്ജു ശരിയാക്കി എടുത്തേ മതിയാകു എന്ന് ഈ പരമ്പര കാണിക്കും. ഇത് പരിഹരിക്കുന്നത് എളുപ്പം ആണെങ്കിലും സഞ്ജു തന്റെ ബുദ്ധിമുട്ട് പരിഹരിക്കാൻ എത്രത്തോളം വർക്ക് ചെയ്യും എന്നുള്ളത് കണ്ടറിയണം.

