ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? ‘കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’, നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? ‘കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’, നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എല്ലാം തന്നെ ഇന്ന് നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാകാത്ത വിധം ഇഴുകി ചേര്‍ന്നിരിക്കുകയാണ്. ഉണര്‍ന്നാല്‍ ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്ന തരത്തിലേക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയത് ഇത്തരം ഗാഡ്ജറ്റുകളോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയാണ്.

നിരന്തരമായ ഉപയോഗം ഒരു പരിധിവരെ നമ്മെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അടിമകളാക്കി മാറ്റിയിട്ടുണ്ട്. മണിക്കൂറുകളോളം ഷോര്‍ട്ട് വീഡിയോകളുമായും ഇന്‍സ്റ്റാഗ്രാം റീല്‍സുകളുമായും സമയം കളയുന്ന പുതുതലമുറയും ഇക്കാര്യത്തില്‍ പിന്നിലല്ല. കണ്ണിനോട് വളരെ അടുത്ത് പിടിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഉറ്റുനോക്കിയിരിക്കുന്ന പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും സൃഷ്ടിക്കുന്ന ദോഷം ഏറെക്കുറെ സമാനമാണ്. ഉറക്കമില്ലായ്മ ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും കാര്യമായ പങ്കുണ്ട്. ഉറക്കമില്ലായ്മ എന്ന പ്രശ്‌നം ഉന്നയിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇത്തരം ഗാഡ്ജറ്റുകള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പോലും ഒഴിവാക്കാന്‍ തയ്യാറല്ലാത്തവരാണ്.

ഉറക്കമില്ലായ്മയെ കൂടാതെ കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങിയ പ്രശ്‌നങ്ങളും പതിയെ നമ്മെ അലട്ടിത്തുടങ്ങും. അമിതമായി ഗാഡ്ജറ്റുകള്‍ നോക്കിയിരിക്കേണ്ടി വരുന്നവരുടെ കണ്ണുകള്‍ക്കാണ് ആദ്യം പണി കിട്ടുന്നതും. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ണിലെ ഈര്‍പ്പം നഷ്ടമാകല്‍, കാഴ്ച മങ്ങല്‍,തലവേദന, കണ്ണിനുചുറ്റും വേദന എന്നിവയാണ്.

ദീര്‍ഘ സമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ഏതൊരാള്‍ക്കും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ബാധിച്ചേക്കാം. നിങ്ങള്‍ എയര്‍ കണ്ടീഷന്‍ റൂമിലോ ഫാനിന് ചുവട്ടിലിരുന്നാലോ ഇതില്‍ നിന്ന് രക്ഷപ്പെടാനുമാകില്ല. ഈ രണ്ട് സാഹചര്യങ്ങളും കൂടുതല്‍ ദോഷകരമായി ഭവിച്ചേക്കാം. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഇതില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാകും. കണ്ണിന് സമാന്തരമായി രണ്ടടി ദൂരത്തിലെങ്കിലും ഫോണ്‍ പിടിക്കുക. രാവിലെ ഉണര്‍ന്നയുടന്‍ ഫോണില്‍ നോക്കാതിരിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍ മാറ്റിവയ്ക്കുക. മുറിയിലെ വെളിച്ചത്തിന് അനുസരിച്ച് ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചവും ക്രമീകരിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *