എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ കേന്ദ്ര സഹായത്തിന് കേരളത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തമായ കണക്കുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിനെ അത് ബോധ്യപ്പെടുത്തണമെന്ന് അറിയിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരിന് വിശ്വാസമുള്ള ഒരു ഏജന്‍സിയെ നിയോഗിക്കുന്നത് പരിഗണിക്കാനും അറിയിച്ചു.

എസ്ഡിആര്‍എഫില്‍ ബാക്കിയുള്ള മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും എസ്ഡിആര്‍എഫ് തുക പൂര്‍ണമായും വിനിയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രായോഗികമല്ലന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ ഫണ്ടില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫില്‍ നിന്ന് നല്‍കിയത് 28.95 കോടി രൂപ.

ഡിസംബര്‍ 10ന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണെന്നും എസ്ഡിആര്‍എഫ് ഫണ്ടിലെ തുക മുഴുവന്‍ വയനാട്ടിലേക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. വേനല്‍ക്കാലം നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുനരധിവാസത്തിന് ഭൂമി വാങ്ങാന്‍ എസ്ഡിആര്‍എഫ് ചട്ടം അനുവദിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വയനാട്ടില്‍ ടൗണ്‍ ഷിപ്പ് അടക്കം ഉണ്ടാക്കുന്നതിന് അധികം തുക കണ്ടെത്തേണ്ടതായി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

സ്‌പോണ്‍സര്‍ ഷിപ്പിലൂടെയടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിന് മാത്രമായി 682 കോടി രൂപ ലഭിച്ചു. ടൗണ്‍ ഷിപ്പിനടക്കം ഇതില്‍ നിന്ന് പണം കണ്ടത്തേണ്ടതായി വരും. എല്ലാ ചെലവുകളും തട്ടിക്കിഴിച്ച് നോക്കുമ്പോള്‍ 61 കോടി രൂപ മാത്രമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൈവശം മിച്ചമുളളതെന്ന് അമിക്കസ് ക്യൂരിയും റിപ്പോര്‍ട്ട് നല്‍കി.

എസ് ഡി ആര്‍ എഫ് തുക കടലാസില്‍ മാത്രമേയുളളുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെക്കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സഹായം ഉറപ്പാക്കണം. വിഷയത്തില്‍ മനുഷ്യത്തപരമായ സമീപനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *