സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ തിരുവനന്തപുരത്തെ എസ്എടിയിൽ ഇന്നലെ രാത്രി വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂറാണ്. വൈകിട്ട് ഏഴര മുതൽ കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിലാണ് കഴിഞ്ഞത്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം ഇങ്ങനെ, എസ്എടി ലൈനിലും ട്രാൻസ്ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകിട്ട് മൂന്നരക്ക് തുടങ്ങി. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്ന് കെഎസ്ഇബി പറയുന്നു. പക്ഷേ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറൻ്റ് വന്നില്ല. ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വിസിബി) തകരാറിലായതായിരുന്നു കാരണം. അതിനാൽ വീണ്ടും അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ ഓടിച്ചു.
ഏഴരക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെ മൊത്തം ഇരുട്ടായി. പിന്നീട് കണ്ടത് വലിയ പ്രതിഷേധമാണ്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചത്. അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെളിച്ചത്തിലാണ് രാത്രി പരിശോധനകൾ നടന്നത്. ആരോഗ്യ കേരളം നമ്പർ വൺ എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണ് ഈ ഗുരുതര അനാസ്ഥ.
ഇരുട്ടിലായ മൂന്ന് മണിക്കൂറുകൾ കുഞ്ഞുങ്ങളുടെ ജീവൻ വെച്ചുള്ള പന്താടൽ തന്നെയായിരുന്നു നടന്നത്. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് പിന്നിലെ കാരണം. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്.
എസ്‌എടി ആശുപത്രിയിൽ കെഎസ്ഇബി ജോലി നടക്കുന്നത് നേരത്തെ അറിയിച്ചിരുന്നതായി രാത്രി വൈകി സ്ഥലം സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി തന്നെ വ്യക്തമാക്കി. എന്നാൽ വൈദ്യുതി പ്രശ്നത്തിൽ ബദൽ ക്രമീകരണം ഒരുക്കിയിരുന്നു എന്നാണ് മന്ത്രിയുടെ വാദം. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം വൈദ്യുതിമുടക്കത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.