ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രത്തിന്റെ നടപടി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ഇന്ത്യയെ അതിവേഗം വളരുന്ന രാജ്യമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ വെമ്പുന്ന ഒരു ഭരണകൂടം, സ്ത്രീകളുടെ സ്വതന്ത്ര്യത്തിന്റെയും സമ്മതത്തിന്റെയും കാര്യം വന്നപ്പോൾ പക്ഷേ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുന്ന സമീപനമാണ് മുന്നോട്ടിവെക്കുന്നത്. ഭാര്യയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ഹർജികൾക്കെതിരെയാണ് കേന്ദ്രത്തിന്റെ ഈ ‘പോരാട്ടം’.

വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാൾ ഇത് സാമൂഹികമായ ഒന്നാണെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം, സമ്മതം എന്നിവയൊക്കെ എങ്ങനെ സാമൂഹികമായ വിഷയമാകും എന്നതാണ് ചോദ്യം. വിവാഹത്തിന് ശേഷം പങ്കാളിയുടെ സമ്മതമില്ലാതെ നിർബന്ധിച്ചുള്ള ലൈംഗികാതിക്രമത്തെ ആണല്ലോ വൈവാഹിക ബലാത്സംഗം എന്ന് പറയുന്നത്. നമ്മുടെ സമൂഹത്തെ സംബന്ധിച്ച് അത് തികച്ചും നോർമലൈസ് ചെയ്യപ്പെടുന്ന ഒന്നാണ്. ‘മാരിറ്റൽ റേപ്പ്’ എന്നത് പലപ്പോഴും തമാശയായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. വിവാഹം എന്നത് എല്ലാ വിധത്തിലും ഒരാൾക്ക് മേൽ മറ്റൊരാൾക്ക് സ്വാതന്ത്ര്യം ചെലുത്താനും അധികാരം സ്ഥാപിക്കാനും കഴിയുന്ന ഒരു ലൈസൻസായിട്ടാണ് നമ്മുടെ സമൂഹം ഇന്നും പഠിപ്പിക്കുന്നത്.

ഭൂരിഭാഗം ബന്ധങ്ങളിലും ഇതിന് ഇരയാകുന്നത് സ്ത്രീകൾ തന്നെയാണ്. വിവാഹ ശേഷം സ്വാതന്ത്ര്യം എന്ന വാക്ക് അവരുടെ ജീവിതത്തിൽ നിന്ന് തന്നെ ഇല്ലാതാകുന്നു, ലൈംഗിക ബന്ധത്തിലും അതിന് മാറ്റം ഒന്നുമില്ല. ഭർത്താവിൽ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാൻ ഇന്നും സാധിക്കാത്ത ഒരു ഭൂരിപക്ഷ സ്ത്രീ സമൂഹമാണ് നമ്മുടെ രാജ്യത്തുള്ളത്. പുരുഷന്മാരുടെ കാര്യത്തിലാവട്ടെ, കൺസെന്റ് എന്നത് വിവാഹ ജീവിതത്തിലും വേണ്ടതാണെന്ന അടിസ്ഥാന വസ്തുത മനസിലാക്കത്തവരാണ് ഭൂരിഭാഗവും. കല്യാണം കഴിയുന്നതോടെ ഭാര്യയുടെ ശരീരത്തിലും ജീവിതത്തിലുമൊക്കെ പൂർണ്ണ അവകാശമാണ് അവർ സ്ഥാപിക്കച്ചെടുക്കുന്നത്.

സാങ്കേതിക വിദ്യ ബഹുദൂരം മുന്നോട്ട് പോയപ്പോഴും അനേക നിയമങ്ങൾ പൊളിച്ചെഴുതപ്പെട്ടപ്പോഴും വൈവാഹിക ബലാത്സംഗത്തെ കുറിച്ച് മാത്രം എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതിന് ഒരു മാറ്റമായാണ് ഏറെ വൈകയാണെങ്കിലും സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു കൂട്ടം ഹർജികൾ എത്തിയിരിക്കുന്നത്. എന്നാൽ അത്തരമൊരു ആവശ്യത്തിന് പൂർണമായും തടയിടുന്ന സമീപനമാണ്‌ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകുന്നത്. സമ്മതമില്ലാതെയുള്ള പ്രവൃത്തിക്ക് വിവാഹത്തിനകത്തും പുറത്തും വ്യത്യസ്തമായ ശിക്ഷയാണ് നൽകേണ്ടതെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.

ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന് ഇളവ് നൽകുന്ന നിലവിലെ ഇന്ത്യൻ ബലാത്സംഗ നിയമത്തെ പിന്തുണച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം. വൈവാഹിക ബലാത്സംഗം എന്ന് വിശേഷിപ്പിക്കുന്ന വിഷയം നിയമവിരുദ്ധവും കുറ്റകരവുമാണ്, നിയമപരമായ പ്രശ്നത്തേക്കാൾ ഇത് സാമൂഹികമായ ഒന്നാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വൈവാഹിക ബലാത്സംഗം ക്രിമിനൽക്കുറ്റമാക്കണമെങ്കിൽ തന്നെ അതിൽ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചാൽ വിവാഹമെന്ന വ്യവസ്ഥിതിക്ക് ദോഷകരമാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബലാത്സംഗം എന്ന കുറ്റകൃത്യത്തെ വിവാഹ വ്യവസ്ഥതിയിലേക്ക് കൊണ്ടുവരുന്നത് കഠിനമാണ്. സമ്മതം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കാൻ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടും വെല്ലുവിളിയും ആയിരിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ കേന്ദ്രത്തിന്റെ നീക്കം ഒരു പുരുഷാധിപത്യ സമൂഹത്തിന് കരുത്ത്‌ പകരുന്ന ഒരു സമീപനം മാത്രമാണ്.

സ്ത്രീകൾ വീടുകളിലും തൊഴിലിടങ്ങളിലും നേരിടുന്ന പീഡനങ്ങൾക്കെതിരെ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന് ഇളവ് നൽകുന്ന നിലവിലെ ഇന്ത്യൻ ബലാത്സംഗ നിയമം പോളിച്ചെഴുതപ്പെടേണ്ടത് തന്നെയാണ്. ഇനി ലോകത്തിലേക്ക് നോക്കിയാൽ, 1922ൽ സോവിയറ്റ് യൂണിയൻ തങ്ങളുടെ നിയമവ്യവസ്ഥയിൽ കുറ്റകരമാണെന്ന് എഴുതി ചേർത്ത ഒരു വിഷയത്തിലാണ് 2024ൽ നിന്ന് നമ്മൾ പോരാടേണ്ടി വരുന്നത്.

യുകെയിൽ 1991ൽ ക്രിമിനലൈസ് ചെയ്യപ്പെട്ടതാണ് വൈവാഹിക ബലാത്സംഗം. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും, ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും, ന്യൂസിലാൻഡ്, കാനഡ, ഇസ്രായേൽ, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, സോവിയറ്റ് യൂണിയൻ, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷം ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞത് “a man is a man; an act is an act; rape is rape, be it performed by a man, the ‘husband’ on the woman ‘wife’”എന്നായിരുന്നു. അതായത് ബലാത്സംഗം എന്നത് എപ്പോഴും ബലാത്സംഗം തന്നെയാണ്. അത് പുരുഷൻ ഭർത്താവാകുന്നത് കൊണ്ടും സ്ത്രീ ഭാര്യ ആകുന്നത് കൊണ്ടും മാറുന്നൊരു പ്രവർത്തിയല്ല. അത് എപ്പോഴും ബലാത്സംഗം തന്നെയാണ്.

പരസ്പര ബഹുമാനവും തുല്യതയും പങ്കാളിത്തവും വിവാഹത്തിൽ എന്നപോലെ ലൈഗികബന്ധത്തിലും ബാധകമാണ്. മറിച്ചാണെങ്കിൽ അത് കുറ്റകൃത്യം തന്നെയാണ്. അതിനെതിരെ പോരാടാൻ നിയമത്തിലൂടെ മാത്രമേ കഴിയൂ. അതിന് സാധിക്കണമെങ്കിൽ നിയമവ്യവസ്ഥ ആദ്യം പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. അത്തരമൊരു പൊളിച്ചെഴുത്തിന് നിയമ സംവിധാനങ്ങൾ തയ്യാറെടുക്കുമ്പോൾ അതിനെതിരെ ഭരണകൂടം മുന്നിട്ടിറങ്ങുന്നത് പുരുഷാധിപത്യ സമൂഹത്തെ പിന്തുണയ്ക്കുന്നതിനും സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ഒന്നാകെ ചവിട്ടിയരയ്ക്കുന്നതിനും തുല്യമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *