നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്. ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനമായെന്നും ലോറി ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു. റോയില്‍ രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, വാഹനമില്ലാത്തതാണ് റോഡിലെ പരിശോധനയ്ക്ക് തടസമെന്നും വാഹനം ലഭ്യമാക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡരികിൽ ആളുകൾ കിടക്കുന്നുണ്ടെങ്കിൽ അവരെ മാറ്റാനും പൊലീസിനോട് അഭ്യർത്ഥിക്കും. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച ആൾക്കെതിരെ നിയമപരമായി ചെയ്യാവുന്നത് അങ്ങേയറ്റം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പുലര്‍ച്ചെ നാലുമണിയോടെയാണ് തൃശൂര്‍ നാട്ടികയില്‍ നാടോടി സംഘം തമ്പടിച്ചിരുന്ന സ്ഥലത്തേക്ക് തടിലോറി പാഞ്ഞുകയറിയത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നാട്ടിക ജെകെ തിയറ്ററിന് സമീപത്തായാണ് അപകടമുണ്ടായത്.

കണ്ണൂരില്‍ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറും ക്ലീനറും മദ്യലഹരിയില്‍ ആയിരുന്നുവെന്നും അപകടമുണ്ടാക്കിയ സമയത്ത് ക്ലീനറാണ് വാഹനമോടിച്ചതെന്നും കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം കടന്നുകളയാന്‍ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *