
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ച മനുഷ്യത്വരഹിതമായ സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും ജയശങ്കർ ന്യായീകരിച്ചു. ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് കോൺഗ്രസ് ചോദിച്ചു. കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും കോൺഗ്രസ് ചോദിച്ചു.