സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 13 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശി. ലേലത്തിന്റെ രണ്ടാംദിനം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ബിഹാറില്‍ നിന്നുള്ള 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പുത്തന്‍ താരേദയത്തെ 1.10 കോടി രൂപയ്ക്കു സ്വന്തമാക്കിയത്. ഇപ്പോഴിതാ താര ലേലത്തില്‍ കോടിപതിയായി വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സൂര്യവന്‍ശിയുടെ പിതാവ് സഞ്ജീവ്.

അവന്‍ ഇപ്പോള്‍ എന്റെ മാത്രം മകനല്ല, ബിഹാറിന്റെ ആകെ മകനാണ്. എന്റെ മകന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. എട്ടാം വയസില്‍ അണ്ടര്‍ 16 ഡിസ്ട്രിക്റ്റ് ട്രയല്‍സില്‍ മികവ് കാണിച്ചു. എന്റെ ഭൂമി വിറ്റാണ് അവന്റെ പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഞങ്ങളെ അലട്ടുന്നുണ്ട്. കോടികളുടെ പണക്കണക്കൊന്നും അവന് വേണ്ടത്ര മനസിലാവുന്ന പ്രായമല്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിലേക്ക് അവന്റെ ശ്രദ്ധ പോകാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ വരുത്തിക്കാനാണ് ശ്രമിക്കുന്നത്- സഞ്ജീവ് പറഞ്ഞു.

സൂര്യവന്‍ശിക്ക് 15 വയസാണ് പ്രായം എന്ന നിലയില്‍ ഉയര്‍ന്ന വിവാദങ്ങളോടും താരത്തിന്റെ പിതാവ് പ്രതികരിക്കുന്നു. ‘എട്ട് വയസ് പ്രായമുള്ളപ്പോള്‍ സൂര്യവന്‍ശി ബിസിസിഐയുടെ ബോണ്‍ ടെസ്റ്റിന് വിധേയമായതാണ്. ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശി കളിച്ചു കഴിഞ്ഞു. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഇനിയും പ്രായ പരിശോധനയ്ക്ക് വിധേയമാവാന്‍ തയ്യാറാണ്,’ സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

13 വയസും എട്ട് മാസവും പ്രായമുള്ള സൂര്യവന്‍ശിയെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. താര ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവന്‍ശി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *