‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം’; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം’; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

സിപിഐഎമ്മിനെയും എ വിജയരാഘവനെയും രൂക്ഷമായി വിമർശിച്ച് സമസ്ത രംഗത്ത്. സമസ്‌തയുടെ മുഖപത്രം സുപ്രഭാത്തിലൂടെയാണ് വിജയരാഘവന്റെ പരാമര്ശത്തിനെതിരെയും പാർട്ടിക്കെതിരെയും സമസ്ത ആഞ്ഞടിച്ചത്. ‘സംഘപരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഐഎം’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ സിപിഐഎം അധ്വാനിക്കുന്ന വർഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വർഗ രാഷ്ട്രീയം പറയാനാണ് ഊർജം ചിലവഴിക്കുന്നതെന്ന് വിമർശിക്കുന്നു.

മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാകാത്തിടത്തോളം ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘപരിവാർ കൂടാരത്തിലേക്കായിരിക്കുമെന്നും മുഖപത്രത്തിൽ വിമർശനമുണ്ട്. ബിജെപിയെ പോലെ പരസ്യമായി സിപിഎം ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നു. എ വിജയരാഘവൻറെ പരാമർശം സംഘപരിവാർ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. വിജയരാഘവൻമാരെ തിരുത്താൻ സിപിഎം തയാറായില്ലെങ്കിൽ ചവിട്ടിനിൽക്കുന്ന മണ്ണ് സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചുപോകുമെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറഞ്ഞു.

പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികൾ സർക്കാരിനെ സംശയത്തിൻ്റെ നിഴലിലാക്കി. തൃശൂർ ബിജെപി വിജയത്തിന് കളമൊരുക്കാൻ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം അതിനോട് ഭാഗമാണെന്നും മുഖപത്രത്തിലുണ്ട്.

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ വിജയരാഘവന്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു പരാമർശം.

അതേസമയം പരാമർശത്തിൽ വിമർശനം കടുക്കുമ്പോഴും നിലപാട് ആവർത്തിക്കുകയാണ് എ വിജയരാഘവൻ. രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത്‌ കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവൻ ഫെയ്സ് ബുക്കിൽ വീണ്ടും കുറിപ്പിട്ടിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *