
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹിയും റെയിൽവേസും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ ആരാധകരുടെ സാന്നിധ്യത്തോട് പ്രതികരിച്ച് മുൻ താരം ആകാശ് ചോപ്ര. റിപ്പോർട്ടുകൾ പ്രകാരം, മത്സരത്തിൻ്റെ ആദ്യ ദിവസം 15,000 ക്രിക്കറ്റ് പ്രേമികൾ സന്നിഹിതരായിരുന്നു, ചിലർ പുലർച്ചെ 5 മണിക്ക് തന്നെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ആസ്വദിക്കാനാണ് ആരാധകർ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. എന്നിരുന്നാലും 6 റൺ മാത്രം നേടി പുറത്തായ കോഹ്‌ലിക്ക് തന്നെ കാണാൻ എത്തിയ ആരാധകരെ സന്തോഷിപ്പിക്കാനായില്ല.
വിരാട് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ നിമിഷം തന്നെ ആരാധകർ സ്റ്റേഡിയം പരിസരത്ത് നിന്ന് പുറത്തുപോയെങ്കിലും തന്റെ വരവോടെ ആഭ്യന്തര ടൂർണമെൻ്റിനെ പ്രശസ്തമാക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു എന്ന് പറയാം. ക്രിക്കറ്റിലെ ഏറ്റവും വലിയ സെയിൽസ് മാൻ എന്നാണ് ചോപ്ര താരത്തെ വിശേഷിപ്പിച്ചത്.
“അവൻ ക്രിക്കറ്റിൻ്റെ ഏറ്റവും വലിയ വിൽപ്പനക്കാരനാണ്. സ്റ്റേഡിയത്തിലേക്ക് ആരാധകരെ കൊണ്ടുവരാൻ അദ്ദേഹത്തിന് ഒറ്റയ്ക്ക് കഴിയും. ജമ്മു കശ്മീരിനെതിരെയാണ് മുംബൈ കളിച്ചത്. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവർക്ക് സ്റ്റേഡിയം നിറയ്ക്കാൻ കഴിഞ്ഞില്ല, പക്ഷേ വിരാട് അത് ഡൽഹിയിൽ ചെയ്തു. അദ്ദേഹത്തിന് റൺസ് നേടാനായില്ലെന്ന് എനിക്കറിയാം, പക്ഷേ അവനെപ്പോലെ മറ്റാരുമില്ല. ”ആകാശ് ചോപ്ര സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികവ് കാണിച്ചിട്ട് ചാമ്പ്യൻസ് ട്രോഫിയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ഇനി കോഹ്‌ലി അടക്കമുള്ള സീനിയർ താരങ്ങൾ ശ്രമിക്കുക.