
മെൽബണിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിൻ്റെ അഞ്ചാം ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഇന്ത്യൻ ടീമിൻ്റെയും മോശം പ്രകടനത്തിന് ഇടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ രണ്ട് നിഗൂഢ പോസ്റ്റുകൾ പോസ്റ്റ് ചെയ്തു ശ്രദ്ധ നേടിയിരിക്കുകയാണ്. സമനില എങ്കിലും പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നായകൻ രോഹിത് ശർമ (9), കെ എൽ രാഹുൽ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റൺസെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റൻ തേർഡ് സ്ലിപ്പിൽ മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ രാഹുൽ (0 ) കോഹ്‌ലി ( 5 ) എന്നിവരും വീണു.
കോഹ്‌ലി ആകട്ടെ പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. താരം ഇന്ന് ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ തിളങ്ങുമെന്ന് കരുതിയ സമയത്ത് അദ്ദേഹത്തിന് അത് സാധിക്കാതെ പോകുക ആയിരുന്നു. ഫോമിനായി പാടുപെടുന്ന രോഹിത് എല്ലാ കഠിനാധ്വാനങ്ങളും ചെയ്തെങ്കിലും ഒടുവിൽ തീർത്തും നിരാശപ്പെടുത്തി മടങ്ങുക ആയിരുന്നു. താരത്തെ സംബന്ധിച്ച് ഈ പരമ്പരയിൽ 10 റൺ എടുക്കാൻ പോലും പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രോഹിത്തിന്റെ വിരമിക്കലും ക്യാപ്റ്റൻസി മാറ്റങ്ങളും ഉൾപ്പടെ ചർച്ചയായി നിന്ന സമയത്താണ് അശ്വിന്റെ ട്വീറ്റ് വന്നത്.
ഇന്ത്യ പ്രതിസന്ധിയിൽ ആയപ്പോൾ , “നല്ല നേതാക്കളെ” കുറിച്ചുള്ള ഒരു നിഗൂഢ പോസ്റ്റ് അശ്വിൻ പങ്കുവെച്ചു “എല്ലാം മുങ്ങി താഴുമ്പോൾ ഉദയം ചെയ്ത് വരുന്നവർ ആണ് യഥാർത്ഥ നായകൻ ” ഇതാണ് അശ്വിൻ എഴുതിയത്. കുറച്ച് മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ഇങ്ങനെ എഴുതി “ഈ ട്വീറ്റ് ഫാൻസ് ക്ലബ്ബുകൾ ഉള്ള ആളുകൾക്ക് വേണ്ടിയുള്ളതല്ല” എന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം തൻ്റെ അഭിപ്രായം വീണ്ടും പോസ്റ്റ് ചെയ്തു.
എന്തായാലും അശ്വിന്റെ ട്വീറ്റ് രോഹിത് ശർമ്മയെ ഉദ്ദേശിച്ചുകൊണ്ട് ആണെന്ന് ചിലരും ഗൗതം ഗംഭീറിനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് മറ്റ് ചിലരും അഭിപ്രായപെടുന്നുണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിൻ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതും ആരാധകരെ ഞെട്ടിച്ചതും. നാലാം മത്സരത്തിലേക്ക് വന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് എത്താനുള്ള സാധ്യതയും ഇന്ത്യ നശിപ്പിച്ചിരിക്കുന്നു. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് പിന്തുടർന്ന ഇന്ത്യ 155 റൺസിന് പുറത്താക്കുക ആയിരുന്നു. ഓസ്‌ട്രേലിയക്ക് 184 റൺസിന്റെ കൂറ്റൻ ജയവും പരമ്പരയിൽ 2 – 1 ലീഡും.