![](https://tv21online.com/wp-content/uploads/2024/12/cake-1200x675.jpg-1024x576.webp)
തൃശൂരിലെ കേക്ക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മേയര്‍ എം കെ വര്‍ഗീസ്. തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അദേഹം ആവര്‍ത്തിച്ചു. ഇടതുപക്ഷ നയമനുസരിച്ചുള്ള മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് തൃശൂര്‍ നഗരത്തില്‍ നടപ്പാക്കുന്നത്. അത് തടസപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷം നിര്‍ദേശിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും മേയര്‍ പറഞ്ഞു.
ക്രിസ്മസ് സ്നേഹമാണ് പങ്കുവയ്ക്കുന്നത്. ആദിവസം കേക്കുമായി വന്നവരോട് എന്റെ വീട്ടില്‍ കയറരുത് എന്ന് പറയുന്നതല്ല, എന്റെ സംസ്കാരം. താന്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. പലരും വീട്ടിലേക്ക് വരാറുണ്ട്. ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്. ക്രിസ്മസ് ദിവസം താന്‍ എല്ലാ രാഷ്ട്രീയ പാര്‍ടി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കേക്ക് എത്തിക്കാറുണ്ട്. അത് സ്നേഹ സന്ദേശമാണ് മേയര്‍ വ്യക്തമാക്കി.
അതേസമയം, എല്‍.ഡി.എഫിന്റെ മേയറായിനിന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനില്‍നിന്ന് കെയ്ക്ക് വാങ്ങിയതിനെ അത്ര നിഷ്കളങ്കമായി കാണാന്‍ സാധിക്കില്ലെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബി.ജെ.പി. തൃശ്ശൂര്‍ മേയറുടെ വീട്ടില്‍മാത്രം പോയി കെയ്ക്ക് മുറിച്ചത്.
ഇടതുപക്ഷത്തോടോ ഇടതുരാഷ്ട്രീയബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് മേയര്‍. തങ്ങള്‍ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ല. അഡ്ജസ്റ്റു ചെയ്ത് പോകുകയാണ്. താന്‍ എം.എല്‍.എ.യായപ്പോള് നടത്തിയ കോടിക്കണക്കിനു വികസനത്തിനുപകരം എന്‍.ഡി.എ. സ്ഥാനാര്‍ഥി ജയിച്ചാല്‍ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയര്‍ പറഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു.