‘ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്’; നിര്‍ദ്ദേശവുമായി ഇതിഹാസം

‘ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്’; നിര്‍ദ്ദേശവുമായി ഇതിഹാസം

    ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളറെന്ന റെക്കോര്‍ഡ് അടുത്തിടെ ബുംറ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബുംറയെയും കപില്‍ ദേവിനെയും താരതമ്യപ്പെടുത്തി നിരവധി ചര്‍ച്ചകള്‍ തലപൊക്കിയിരുന്നു. ഇതിലാണ് കപിലിന്റെ പരസ്യ പ്രതികരണം. 51 വിക്കറ്റുകളാണ് കപില്‍ ഓസ്ട്രേലിയയില്‍ വീഴ്ത്തിയത് അതേസമയം ബുംമ്രയുടെ അക്കൗണ്ടില്‍ 64 വിക്കറ്റുകളുണ്ട്.

    ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്. ഒരു തലമുറയെ മറ്റൊരു തലമുറയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ന് ഒറ്റ ദിവസം കൊണ്ട് 300 റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. അത് നമ്മുടെ കാലത്ത് സംഭവിച്ചിട്ടില്ല. അതിനാല്‍, താരതമ്യം ചെയ്യരുത്- കപില്‍ പറഞ്ഞു.

    വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സെലക്ഷന്‍ കമ്മിറ്റി നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നു. പ്രത്യേകിച്ചും, സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജയ്സ്വാളിനെയും വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷഭ് പന്തിനെയും ഒഴിവാക്കിയത് ഒരു കൂട്ടം ആരാധകരെ പ്രകോപിപ്പിച്ചു, അതേസമയം വിദഗ്ധരും സമിതിയുടെ തീരുമാനത്തിനെതിരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലിതില്‍ അഭിപ്രായം പറയാന്‍ കപില്‍ വിസമ്മതിച്ചു.

    മറ്റുള്ളവരുടെ വിധിയെക്കുറിച്ച് എനിക്ക് എങ്ങനെ അഭിപ്രായം പറയാന്‍ കഴിയും? സെലക്ടര്‍മാര്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അവരെ വിമര്‍ശിക്കുന്നതായിരിക്കും. അവരെ വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ആസൂത്രണം ചെയ്യുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒരു കൂട്ടം ആളുകളാണ് അവര്‍- കപില്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *