ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചു; ന്യൂനപക്ഷ മോര്‍ച്ചയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചു; ന്യൂനപക്ഷ മോര്‍ച്ചയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ചേലക്കരയില്‍ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ ലഘുലേഖയില്‍ കേസെടുത്ത് പൊലീസ്. വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ലഘുലേഖ പ്രചരിപ്പിച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നത് ക്രൈസ്തവര്‍ക്കാണെന്നും ലഘുലേഖയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ടിഎം കൃഷ്ണന്‍ ആണ് ലഘുലേഖ സംബന്ധിച്ച് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.

തൃശൂര്‍ കാളിയാറോഡ് ചര്‍ച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ലഘുലേഖ വിതരണത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു.

തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ലഘുലേഖകള്‍ വിതരണം ചെയ്തതെന്നായിരുന്നു ന്യൂനപക്ഷ മോര്‍ച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. എന്നാല്‍ ലഘുലേഖയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ തൃശൂര്‍ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത സംഭവ വികാസങ്ങളാണ്. ഇടത്-വലത് മുന്നണികള്‍ മുസ്ലീം ന്യൂനപക്ഷ പ്രീണനം നടത്തുന്നതായാണ് ലഘുലേഖയിലെ ആരോപണം. ചേലക്കരയിലെ ക്രിസ്ത്യന്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം ചെയ്തിട്ടുള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *