ബാംഗ്ലൂരിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിവസം മൂന്നാം നമ്പറിൽ വിരാട് കോഹ്‌ലി ബാറ്റ് ചെയ്തതിന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് പ്രശംസിച്ചു. ഇന്ത്യയുടെ സ്ഥിരം മൂന്നാം നമ്പർ താരം ഗിൽ കളിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് കോഹ്‌ലിയെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ടീം ഇറക്കിയത്.
എന്നിരുന്നാലും, 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കോഹ്‌ലിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. റൺ ഒന്നും എടുക്കാതെ താരം പുറത്താക്കുക ആയിരുന്നു. 46 റൺസിന് ഇന്ത്യ പുറത്തായപ്പോൾ ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ മൂന്നാമത്തെ ചെറിയ സ്കോറാണ് ടീം രേഖപ്പെടുത്തിയത്.
രണ്ടാം ദിവസത്തെ കളിക്ക് ശേഷം ക്രിക്ക്ബസിനോട് സംസാരിച്ച കാർത്തിക് ഇങ്ങനെ പറഞ്ഞു:
“വിരാട് കോഹ്‌ലി അഭിനന്ദനം അർഹിക്കുന്നു, ‘ഇല്ല, ഞാൻ നാലിൽ ബാറ്റ് ചെയ്യട്ടെ, കാരണം നിങ്ങൾക്ക് കെഎൽ രാഹുലിനെയോ സർഫറാസ് ഖാനെയോ മൂന്നിൽ ഇറക്കാം’ എന്ന് അദ്ദേഹത്തിന് എളുപ്പത്തിൽ പറയാമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞില്ല. കോഹ്‌ലി അങ്ങനെ ആവശ്യപ്പെട്ടാൽ ടീം കേൾക്കുമായിരുന്നു.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഫലങ്ങൾ ഒന്നും ശരിയായ വഴിക്ക് പോയില്ല എന്നത് ശരിയാണ്. എന്നാൽ ഇത്തരത്തിൽ ഒരു ധീരമായ തീരുമാനം എടുക്കുക എന്ന് പറഞ്ഞാൽ തന്നെ വലിയ കാര്യമാണ്. കോഹ്‌ലിക്ക് അഭിനന്ദനം ”
കോഹ്‌ലിയുടെ മോശം പ്രകടനത്തിന് പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനമാണ് അദ്ദേഹത്തിന് കിട്ടുന്നത്.