Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

“ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല: മന്ത്രി വിശിവൻകുട്ടി.” സോഷ്യൽ മീഡിയയിൽ രണ്ടുദിവസമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്ററിലെ വാചകമാണിത്. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ പതിച്ച ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. എക്സിൽ എംകെ പിള്ളൈ എന്നയാൾ ഡിസംബർ 17 11.14ന് ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. 2024 ഡിസംബർ 17, 20:34ന് ശിവരാജ് എസ് എന്നയാളും ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. വേറെയും നിരവധിയാളുകൾ വിവിധ പ്ലാറ്റുഫോമുകളിലായി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരമൊരു പ്രസ്താവന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയിരുന്നോ? എന്താണ് വസ്തുത?

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവനകളെല്ലാം ഞങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ ആ ദിവസങ്ങളിലെ വാർത്താക്കുറിപ്പുകളിലോ, സോഷ്യൽ മീഡിയ പോസ്റ്റുകളിലോ, പൊതു പ്രസ്താവനകളിലോ ഇത്തരമൊരു കമന്റ് കാണാൻ കഴിഞ്ഞില്ല.

ഒറ്റനോട്ടത്തിൽ ഏതോ മലയാള മാധ്യമത്തിന്റെ സോഷ്യൽ‌ മീഡിയ പോസ്റ്ററാണെന്നാണ് പ്രചരിക്കുന്ന പോസ്റ്റര്‍ കണ്ടാൽ തോന്നുക. സൂക്ഷ്മമായ പരിശോധനയിൽ ഇത് സുപ്രഭാതം പത്രത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്ററാണെന്നതിന്റെ സൂചനകൾ ലഭിച്ചു. സുപ്രഭാതം എന്നെഴുതിയ ഭാഗങ്ങൾ അവ്യക്തമാക്കി വെച്ചിട്ടുണ്ട്. പോസ്റ്ററിന്റെ താഴെയായി സുപ്രഭാതം എന്ന് ഇംഗ്ലീഷിൽ എഴുതിയ ഭാഗം അൽപ്പം മായ്ച്ചിട്ടുള്ളതായി കാണാം.

വളരെ അവിദഗ്ധമായ എഡിറ്റിങ്ങാണ് പോസ്റ്ററിൽ നടന്നിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. പോസ്റ്ററിന്റെ പശ്ചാത്തലത്തിന്റെ അതേ നിറത്തിലുള്ള ചില ബ്ലോക്കുകൾ കൊണ്ടുവന്ന് പേസ്റ്റ് ചെയ്താണ് യഥാർത്ഥ പോസ്റ്ററിലെ ഭാഗങ്ങൾ മായിച്ചു കളഞ്ഞിരിക്കുന്നത്. ഇതിനു മുകളിലായി “ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല: മന്ത്രി വിശിവൻകുട്ടി.” എന്ന് എഴുതിയിരിക്കുകയാണ്. സുപ്രഭാതം ഡെയ്‌ലിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്ററുകൾ നിരീക്ഷിച്ചതിൽ നിന്ന് മനസ്സിലായ കാര്യം അവർ തങ്ങളുടെ ഡിസൈനുകളിൽ ഈ പോസ്റ്ററിൽ ഉപയോഗിച്ച തരം ഫോണ്ട് ഉപയോഗിക്കുന്നില്ല എന്നാണ്. സുപ്രഭാതത്തിന്റെ പോസ്റ്ററുകളിലെ രൂപകൽപ്പനാപരമായ പ്രൊഫഷണലിസവും സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്ററിൽ കാണാൻ കഴിയില്ല.

ഡ‍ിംസബർ 14 എന്ന തീയതി വെച്ച് ഞങ്ങൾ സുപ്രഭാതം പത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ തിരഞ്ഞപ്പോൾ പോസ്റ്ററിന്റെ ഒറിജിനൽ ലഭിച്ചു.

ഡിസംബർ 14 ശനിയാഴ്ച 11.44ന് ഷെയർ ചെയ്ത ഒരു പോസ്റ്ററാണ് വ്യാജ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. “കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി” എന്നാണ് ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഈ എഴുത്ത് മായിച്ചാണ് പുതിയ വാചകം അവിടെ ചേർത്തിരിക്കുന്നതെന്ന് മനസ്സിലാക്കാനായി.

വിധി

മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവനയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റർ വ്യാജമാണെന്ന് കണ്ടെത്തി. സുപ്രഭാതം ഓൺലൈൻ പോർട്ടലിന്റെ പേരിലാണ് ഈ പോസ്റ്റർ കറങ്ങുന്നത്. ഇത്തരമൊരു പോസ്റ്റർ സുപ്രഭാതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *