കൊടകര കുഴൽപ്പണ കേസിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കേസ് 8 അംഗസംഘം അന്വേഷിക്കും. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണ മേൽനോട്ടം. കൊച്ചി ഡിസിപി സുദർശൻ ഐപിഎസ് ആണ് അന്വേഷണ സംഘതലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്‍പി രാജു അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്ഐ ഉൾപ്പെടെ 8 പേരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപിയാണ് ഉത്തരവ് ഇറക്കിയത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്.
നേരത്തെ പോലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ സതീഷിൻ്റെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുനരഃന്വേഷണത്തിന് വഴി തെളിഞ്ഞത്. പുനരഃന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.
പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.