
മാടായി കോളെജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി രംഗത്ത്. വിവാദം അടിസ്ഥാനരഹിതമാണെന്നും വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു.
എജ്യൂക്കേഷന്‍ സെന്റര്‍ രൂപീകരിച്ചത് 80 കളില്‍ ആയിരുന്നുവെന്നും മൂന്ന് ഘട്ടങ്ങളായി താന്‍ പ്രസിഡണ്ടായിരുന്നുവെന്നും എം കെ രാഘവന്‍ പറഞ്ഞു. പിന്നീട് സ്വയം അതില്‍ നിന്ന് മാറി. ആറുമാസം മുന്‍പാണ് വീണ്ടും സ്ഥാനത്തേക്ക് വരുന്നതെന്നും എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി. അതേസമയം നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി.
ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 59 അപേക്ഷ വന്നിരുന്നു. അഭിമുഖത്തില്‍ 40 പേര്‍ പങ്കെടുത്തു. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 16 ആപ്ലിക്കേഷന്‍ വന്നു. അഭിമുഖത്തില്‍ വന്നത് 9 പേരാണ്. നാലു തസ്തികകളിലുമായി 83 അപേക്ഷകള്‍ കിട്ടിയെന്നും എം കെ രാഘവന്‍ പറഞ്ഞു. ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേര്‍ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്.
ഭിന്നശേഷിക്കാരില്‍ ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത് അന്ധരായവര്‍ക്കാണ്. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് നല്‍കണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താന്‍ കഴിയില്ല. ഈ ഓഫിസ് അറ്റന്റന്റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും എം കെ രാഘവന്‍ പറഞ്ഞു. അതേസമയം നാല് നിയമനങ്ങളും നടന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും എം കെ രാഘവന്‍ പറഞ്ഞു.