‘പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്’; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

‘പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്’; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ തയാറാക്കിയ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി അജിത് കുമാറിന്‍റെ റിപ്പോര്‍ട്ട്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്.

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദർ മേനോൻ, ഗിരീഷ് കുമാര്‍, വിജയമേനോൻ, ഉണ്ണികൃഷ്ണൻ, രവി എന്നിവർ ഇതിനായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുൻ നിശ്ചയിച്ച പ്രകാരം പൂരം നിർത്തി വച്ചതായി ഇവർ പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. തിരുവമ്പാടി പൂരം കലക്കിയത് തൽപരകക്ഷികളുടെ താൽപര്യപ്രകാരമെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടെങ്കിലും ബിജെപിയെ കുറിച്ച് പരാമര്‍ശമില്ല.

അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തു വിടാതിരുന്ന എഡിജിപിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഡിജിപി റിപ്പോർട്ട് തള്ളിയതോടെ പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *