മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് ബിജെപി നേതാവ് എംടി രമേശ്. സംസ്ഥാന സര്‍ക്കാരിന് വ്യക്തമായി കണക്കുകള്‍ നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് കേന്ദ്ര സഹായം ലഭിക്കാത്തതെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കുന്നതിന്റെ മാനദണ്ഡം പ്രധാനമന്ത്രി സന്ദര്‍ശിച്ചോ ഇല്ലയോ എന്നതല്ല. സര്‍ക്കാരിന് സാങ്കേതികമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂ. അത് നിയമപ്രകാരമാണ്. രണ്ട് മാസം കഴിഞ്ഞിട്ടും വയനാട് ദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എംടി രമേശ് ചോദിച്ചു.

അത്തരത്തില്‍ കൃത്യമായ കണക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ ഹൈ ലെവല്‍ കമ്മിറ്റിയ്ക്ക് അത് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴും റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് റവന്യു വകുപ്പിന്റെ അവകാശവാദമെന്നും എംടി രമേശ് ആരോപിച്ചു. അതേസമയം മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍.

ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. കേവലമായ സാങ്കേതികത്വം പറയുകയാണ് സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

എസ്ഡിആര്‍എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വയനാട് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം കത്തയക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല അഭിപ്രായങ്ങളാണ് പറയുന്നത്. ഓഖിയും പ്രളയവും എല്‍3 ആയി പ്രഖ്യാപിച്ചല്ലോ. ഇത്ര ഭീകരമായ ദുരന്തം നടന്നിട്ടും കേന്ദ്രത്തെ ഇനിയെന്താണ് ബോധ്യപ്പെടുത്തേണ്ടത്. സര്‍ക്കാരിനോട് വിദ്വേഷമാകാം. പക്ഷേ കേരളത്തിലെ ജനങ്ങളോട് വിദ്വേഷം കാണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *