‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും

‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും

കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ് നയം. ആർത്തവ ശുചിത്വ അവബോധം വിദ്യാർഥികളിൽ അനിവാര്യമാണെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.

2023 ഏപ്രിൽ 10-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്കാണ് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുക. ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച നയത്തിന് നവംബര്‍ രണ്ടിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ 97 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

സ്കൂ‌ൾ വിദ്യാർത്ഥിനികളുടെ ആർത്തവ ശുചിത്വ സുരക്ഷിതത്വത്തിൽ ദേശീയ തലത്തിൽ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നയമനുസരിച്ച് കുറഞ്ഞ നിരക്കിലുള്ള നാപ്കിനുകൾ നൽകുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. നാപ്കിനുകൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുന്ന കാര്യത്തിലും നയം രൂപീകരിക്കണം. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിനെ നിർദ്ദേശങ്ങൾ അറിയിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.

ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ നിർമ്മിക്കണം. എല്ലാ സർക്കാർ, എയ്ലഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും ഈ സൗകര്യം ഏർപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *