കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്ത്‍ മനുഷ്യാവകാശ കമ്മീഷൻ. പി പി ദിവ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിലാണ് നടപടി. ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു. ജില്ലാകളക്ടറും പൊലീസ് മേധാവിയും രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രസിഡന്റ് പദവി രാജിവക്കണമെന്നാണ് ആവശ്യം. അതേസമയം പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. പരാതിക്കാരൻ പ്രശാന്തൻ ബിനാമി മാത്രമാണെന്നും കോൺഗ്രസ്സ് ആരോപിച്ചു.
ഒക്ടോബർ 15 രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരമിക്കാൻ 7 ദിവസം ബാക്കി നിൽക്കെയാണ് നവീൻ ജീവിതം അവസാനിപ്പിച്ചത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നവീന്‍ കുമാറിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ പി പി ദിവ്യയും പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് എഡിഎമ്മിന്റെ ജീവനെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.
കണ്ണൂർ എഡിഎം ആയ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ കളക്ടർ അരുൺ കെ വിജയൻറെ സാന്നിധ്യത്തിലായിരുന്നു ദിവ്യ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തിൽ വെച്ചായിരുന്നു എഡിഎമ്മിനെതിരെയുള്ള ആക്ഷേപങ്ങൾ.
ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ടനീക്കങ്ങൾ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.