കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയതെന്നും ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്നും കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം കൈക്കൂലി വിവാദത്തിൽ പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർക്ക് പമ്പ് ഉടമ ടിവി പ്രശാന്തൻ വിശദീകരണം നൽകിയില്ല. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പ്രശാന്തനോട്, സർക്കാർ സർവീസിലിരിക്കെ സംരംഭകനായതെങ്ങനെ എന്നത് സംബന്ധിച്ച് 2 ദിവസത്തിനകം വിശദീകരണം നൽകാനാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ല.