നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സർക്കാർ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 12 ലേക്ക് മാറ്റി.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോ​ഗതി അറിയിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നേരത്തെ ഹർജി പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്.

സിബിഐ അന്വേഷണം വേണമെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പിപി ദിവ്യയ്ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സമ​ഗ്രമായി അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *