ഓം പ്രകാശ് പ്രതിയായ ലഹരികേസ്; അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്, റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും

ഓം പ്രകാശ് പ്രതിയായ ലഹരികേസ്; അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്, റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. സിനിമ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അതേസമയം ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.

ഓംപ്രകാശിനെ ഹോട്ടൽ മുറിയിൽ താരങ്ങൾ സന്ദർശിച്ചതിന്റെ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. അതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ നിന്നായിരുന്നു ഓം പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കൈൻ പിടികൂടിയിരുന്നു. കൊച്ചി മരട് പൊലീസാണ് പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയയത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ഹോട്ടലിലെത്തിച്ചും വിവരങ്ങൾ തേടിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *