പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

പാലക്കാട്   വിമതസ്വരം ഉയര്‍ത്തിയ കോണ്‍ഗ്രസ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി.സരിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനാണ് നടപടി.

സരിന്‍ നടത്തിയിരിക്കുന്നത ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കിയെന്ന് ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിടി ബല്‍റാമിന് പുതിയ ചുമതല നല്‍കാനാണ് കെപിസിസി തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നു നടത്തിയ പത്രസമ്മേളനത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് സരിന്‍ ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ സി.പി.എം വിരുദ്ധത വളര്‍ത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് സതീശന്‍. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വി.ഡി സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത്. അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത്. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘പരസ്പര ബഹുമാനമില്ലാതെ ഉടമയും അടിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല. ശരിയാക്കാന്‍ ഇറങ്ങേണ്ടവര്‍ക്ക് അതിന് താത്പര്യമില്ലാത്ത സ്ഥിതിയാണ്.

പ്രതിപക്ഷ സ്ഥാനത്ത് വി.ഡി. സതീശന്‍ എത്തിയതിലെ പിന്നാമ്പുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറിയായിരുന്നു. അതില്‍ അസ്വാഭാവികത ഉണ്ട് എന്നറിഞ്ഞിട്ടും ആരും അന്വേഷിച്ച് പോയില്ല. ആ കഥതള്‍ പൊടിതട്ടിയെടുക്കണം. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ഐക്യം നിലവിലുണ്ടായിരുന്നു. അത് തകര്‍ത്തത് സതീശനാണെന്നും സരിന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *