പള്ളിത്തർക്കം: ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം; നിർദേശം നൽകി സുപ്രീം കോടതി

പള്ളിത്തർക്കം: ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം; നിർദേശം നൽകി സുപ്രീം കോടതി

പള്ളിത്തർക്കത്തിൽ നിർദേശവുമായി സുപ്രീംകോടതി. ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണമെന്നാണ് നിർദേശം. ഓർത്തഡോക്‌സ് യാക്കോബായ വിഭാഗത്തിൽ എത്ര പേരുണ്ടെന്നും കോടതി ചോദിച്ചു. അതേസമയം നേരത്തെ യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ അപ്പീലിൽ സാവകാശം തേടിയിരുന്നു. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലിൽ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും നല്‍കി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *