‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

‘നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു’; കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥൻ: പി ബി നൂഹ് ഐഎഎസ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് പി ബി നൂഹ് ഐഎഎസ്. നവീൻ ബാബു മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നുവെന്ന് പി ബി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ കൂടെയുണ്ടായി കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്നും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രമേ അദ്ദേഹം ഇടപെട്ടിരുന്നുള്ളുവെന്നും നൂഹ് ഫേസ്ബുക്കിൽ കുറിച്ചു.

സഹപ്രവര്‍ത്തകനായി കൂടെയുണ്ടായിരുന്ന കാലത്ത് ഒരു പരാതിയും നവീന്‍ കേള്‍പ്പിച്ചില്ലെന്നും നൂഹ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 30ലേറെ വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗത്തിന് ശേഷം റിട്ടയര്‍മെന്റിന് കടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഇത്തരമൊരു വിയോഗം സങ്കടകരമാണെന്നും നൂഹ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതല്‍ 2021 ജനുവരി വരെ ജില്ലാ കളക്ടര്‍ ആയി പ്രവര്‍ത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും. ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാന്‍ സാധിച്ചത് അതിസമര്‍ത്ഥരായ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു. അതില്‍ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ബാബുവിന്റേത്.

പതിനെട്ടിലെ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോള്‍ അവരുടെ ഏകോപനം ഏല്‍പ്പിക്കാന്‍ നവീന്‍ ബാബുവിനെക്കാള്‍ മികച്ച ഒരു ഓഫീസര്‍ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളഡ് റിലീഫ് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ വെളുപ്പിന് മൂന്നു മണി വരെ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ബാബുവിനെയാണ് എനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീന്‍ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് പ്രമാടത്തെ കളക്ഷന്‍ സെന്റ്ററിന്റെ പ്രവര്‍ത്തനത്തെ തെല്ലൊന്നുമല്ല സഹായിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവര്‍ത്തികള്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. 2019ലെ കോവിഡ് കാലത്ത് തിരുവല്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പരാതികള്‍ ഏതുമില്ലാതെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ നവീന്‍ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.

സഹപ്രവര്‍ത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വര്‍ഷക്കാലം ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നതാണ് നവീന്‍ ബാബുവിനെ കുറിച്ച് എന്റെ ഓര്‍മ്മ. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥന്‍ അതും ഒടുവില്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വര്‍ഷക്കാലത്തെ ഗവണ്‍മെന്റിലെ പ്രവര്‍ത്തനത്തിനുശേഷം റിട്ടയര്‍മെന്റിലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.

ഗവണ്‍മെന്റ് വകുപ്പുകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തില്‍ ജോലിചെയ്യാന്‍ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പില്‍ 30ലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു.

പ്രിയപ്പെട്ട നവീന്‍,

ദീര്‍ഘമായ നിങ്ങളുടെ സര്‍വീസ് കാലയളവില്‍ നിങ്ങള്‍ സഹായിച്ച, നിങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിന്റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങള്‍ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ടാകും. അതില്‍ ഞാനുമുണ്ടാകും.

അതേസമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. കണ്ണൂർ എഡിഎം ആയ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ കളക്ടർ അരുൺ കെ വിജയൻറെ സാന്നിധ്യത്തിലായിരുന്നു ദിവ്യ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തിൽ വെച്ചായിരുന്നു എഡിഎമ്മിനെതിരെയുള്ള ആക്ഷേപങ്ങൾ.

ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ടനീക്കങ്ങൾ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *