‘ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുത്’; എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പിപി ദിവ്യ പറഞ്ഞത് ഇങ്ങനെ

‘ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുത്’; എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പിപി ദിവ്യ പറഞ്ഞത് ഇങ്ങനെ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍റെ സാന്നിധ്യത്തിലാണ് ദിവ്യ മരിച്ച നവീൻ ബാബുവിനെതിരെ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തിൽ വെച്ചാണ് എഡിഎമ്മിനെതിരെ ദിവ്യ ആക്ഷേപങ്ങൾ ഉന്നയിച്ചത്.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീൻ ബാബു.

‘എന്റെ കയ്യിലുളള ഒരു ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണെന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ട്. പത്തും പതിനഞ്ചും തവണ നമ്മുടെ ഓഫീസില്‍ വന്നുപോവുന്ന മനുഷ്യര്‍, അവര്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങി വന്നുപോകുമ്പോള്‍ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് ഒരുതവണയെങ്കിലും എല്ലാ ഉദ്യോഗസ്ഥരും ഓര്‍ക്കണം. എഡിഎമ്മിന് എല്ലാ ആശംസകളും നേരുന്നു. മുമ്പുണ്ടായിരുന്ന എഡിഎമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും പലതവണ ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു, വീണ്ടും അദ്ദേഹം ഓഫീസില്‍ വന്നു. അപ്പോള്‍ ഇത് അന്വേഷിച്ച് ഞാന്‍ എഡിഎമ്മിനെ വിളിച്ചു. എന്തെങ്കിലും നടക്കുമോ എന്ന് ഞാന്‍ എഡിഎമ്മിനോട് ചോദിച്ചു. എന്നാല്‍ അതില്‍ ചെറിയ പ്രശ്‌നമുണ്ട്, അള്‍പം വളവും തിരിവുമെല്ലാം ഉള്ളതോണ്ട് എന്‍ഒസി കൊടുക്കാന്‍ പ്രയാസമാണെന്നാണ് എഡിഎം പറഞ്ഞത്. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടന്ന കാര്യമാണ്.

ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍ഒസി കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍ഒസി എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍ഒസി നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ കഷ്ടപ്പെട്ട് വന്ന് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. ഒരു വ്യക്തിയെ ചിരിച്ചുകൊണ്ടും ജീവിതത്തിലെ ലാളിത്യം കൊണ്ടും മുണ്ടുടുത്തുകൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യരെന്ന് നിങ്ങളാരും ധരിക്കേണ്ട. ഞാനദ്ദേഹത്തിനോട് ഒരു നന്ദി പറയുകയാണ്. ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞാണെങ്കിലും അത് നടത്തിക്കൊടുത്തു. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.

നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. വളരെ കെയര്‍ ചെയ്യണം. സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം കയ്യില്‍ പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുകയാണ്, അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും’- ഇതായിരുന്നു പിപി ദിവ്യയുടെ വാക്കുകൾ. ശേഷം ദിവ്യ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

പിപി ദിവ്യയുടെ ആരോപണങ്ങളിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം. നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു.

എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ വിദ്വേഷണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം. ഇടതുപക്ഷ സഹയാത്രികനായിരുന്നു നവീൻ ബാബു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *