കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയ പി പി ദിവ്യ ഒളിവിൽപോയെന്നാണ് സൂചന. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയുടെ ചോദ്യം ചെയ്യൽ വൈകുകയാണ്. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ചോദ്യം ചെയ്യുന്നതിൽ ദിവ്യ സാവകാശം തേടിയെന്നായിരുന്നുവെന്നാണ് വിവരം. അതേസമയം ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് ദിവ്യ മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നത്.ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും ദിവ്യ പറയുന്നു. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.