വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ശുഭ്‌മാൻ ഗില്ലിന്റെ പ്രകടനങ്ങൾ ഇന്ത്യൻ വിജയങ്ങളിൽ നിർണായകം ആകുമെന്ന് പറഞ്ഞിരിക്കുകയാണ് പാർഥിവ് പട്ടേൽ. രാഹുൽ ദ്രാവിഡും ചേതേശ്വർ പൂജാരയും മൂന്നാം നമ്പറിൽ മികച്ച പ്രകടനം നടത്തിയ കാലഘട്ടത്തിൽ എല്ലാം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മികവ് കാണിച്ചിട്ടുണ്ടെന്നാണ് പട്ടേൽ പറയുന്നത്.
നിലവിൽ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ശേഷം രോഹിത് ശർമ്മയും സംഘവും അഞ്ച് ടെസ്റ്റുകൾ കളിക്കാൻ ഓസ്‌ട്രേലിയയിലേക്ക് പോകും, ആദ്യ മത്സരം നവംബർ 22 ന് പെർത്തിൽ ആരംഭിക്കും. ഒരു ചർച്ചയ്‌ക്കിടെ, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്ക് ഗില്ലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പട്ടേലിനോട് ചോദിച്ചു.
“ഓസ്‌ട്രേലിയയിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴെല്ലാം, മൂന്നാം നമ്പർ ബാറ്ററുടെ പ്രകടനം വളരെ പ്രധാനമാണ്. 2003-04ൽ രാഹുൽ ദ്രാവിഡിൻ്റെ ബാറ്റിംഗ് രീതിയും അവിടെ ഇന്ത്യ വിജയിച്ച അവസാന രണ്ട് പരമ്പരകളിൽ ചേതേശ്വർ പൂജാരയുടെ സംഭാവനയും വളരെ വലുതാണ്. അതിനാൽ മൂന്നാം നമ്പർ താരം തിളങ്ങണം ”അദ്ദേഹം പ്രതികരിച്ചു.
ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റ് പര്യടനത്തിൽ 25 കാരനായ സ്റ്റൈലിഷ് ബാറ്റർ മികച്ച പ്രകടനം കാഴ്ചവെച്ചതായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ അഭിപ്രായപ്പെട്ടു.
“ഓസ്‌ട്രേലിയയിൽ റൺസ് സ്‌കോർ ചെയ്യാനുള്ള കഴിവുണ്ടെന്ന് ശുഭ്‌മാൻ ഗിൽ തെളിയിച്ചു, ആ റണ്ണുകളെല്ലാം ഓപ്പണറായി വന്നെങ്കിലും ഞങ്ങൾ വിജയിച്ച ഗാബ ടെസ്റ്റ്, ഓരോ തവണയും ഋഷഭ് പന്തിൻ്റെ 89 റൺസ് ചർച്ചയാകുമെങ്കിലും ശുഭ്‌മാൻ ഗില്ലും 91 റൺസ് നേടി. ഒരു ഓപ്പണർ എന്ന നിലയിൽ തനിക്ക് സമ്മർദത്തിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്” പട്ടേൽ നിരീക്ഷിച്ചു.
ഇന്ത്യയുടെ 2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 51.80 ശരാശരിയിൽ 259 റൺസാണ് ഗിൽ നേടിയത്. ബ്രിസ്‌ബേനിൽ നടന്ന അവസാന ടെസ്റ്റിൽ സന്ദർശകരുടെ പരമ്പര വിജയത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ 91 റൺസിന് അദ്ദേഹം പുറത്തായി.