ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയ കവാടത്തിലാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 46 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്.
ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ വിമര്‍ശനം ഉയരുന്നത് നായകന്‍ രോഹിത് ശര്‍മക്കെതിരേയാണ്. ടോസ് നേടിയിട്ടും എന്തിനാണ് രോഹിത് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തതെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്. ഇതിനോട് രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം രോഹിത് പ്രതികരിച്ചു.
‘ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം എന്റേതായതിനാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 46 കാണുന്നത് ഏറെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്,” രോഹിത് പറഞ്ഞു.
പിച്ച് വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയത് രോഹിത് തുറന്നു സമ്മതിച്ചു. ഫ്ളാറ്റ് പിച്ചായിരിക്കുമെന്നാണ് രോഹിത് കരുതിയത്. എന്നാലത് തെറ്റി. ഇന്ത്യയുടെ അഞ്ച് ബാറ്റ്സ്മാന്‍മാരാണ് ഡെക്കിന് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും കുറഞ്ഞ സ്‌കോറിന് നാട്ടില്‍ ഓള്‍ഔട്ടാകുന്നത്.