രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുതെന്ന് ആർഎസ്എസ് മേധാവി

രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുതെന്ന് ആർഎസ്എസ് മേധാവി

പൂനെ: രാജ്യത്തെ വിവിധയിടങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉയരുന്നതിനിടെ നിലപാട് ആവർത്തിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രം പോലുള്ള തർക്കങ്ങൾ ഉന്നയിക്കാൻ ഹിന്ദു നേതാക്കൾ ശ്രമിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണ്. വ്യത്യസ്ത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. പൂനെയിൽ വിശ്വഗുരു ഭാരത് എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷെരീഫ് തുടങ്ങിയ മുസ്ലീം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാർ മുൻകാല തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊണ്ട്, തർക്ക വിഷയങ്ങൾ ഒഴിവാക്കി, തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാൻ ശ്രമിക്കണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

രാമക്ഷേത്രം വിശ്വാസത്തിൻ്റെ കാര്യമാണ്, അത് നിർമിക്കപ്പെടണമെന്ന് ഹിന്ദുക്കൾക്ക് തോന്നി. വിദ്വേഷത്തെ തുടർന്ന് പുതിയ ചില സൈറ്റുകളെക്കുറിച്ച് പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരാണിക സംസ്‌കാരത്തിലേക്കുള്ള തിരിച്ചുവരവാണ് സമൂഹത്തിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള പരിഹാരമെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.

തീവ്രവാദം, ആക്രമണോത്സുകത, ബലപ്രയോഗം, മറ്റുള്ളവരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവ നമ്മുടെ സംസ്കാരമല്ല. ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. നമ്മൾ എല്ലാവരും ഒന്നാണ്. ഓരോരുത്തർക്കും അവരവരുടെ ആരാധനാരീതി ഈ രാജ്യത്ത് പ്രാവർത്തികമാക്കാൻ കഴിയണമെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.

നേരത്തെ, എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തെരയുന്നതെന്ന ചോദ്യം മോഹൻ ഭാഗവത് ഉന്നയിച്ചിരുന്നു. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിലായിരുന്നു മോഹൻ ഭാഗവതിൻ്റെ പരാമർശം. ഗ്യാൻവാപി തർക്കത്തിൽ വിശ്വാസത്തിൻ്റെ ചില പ്രശ്‌നങ്ങളുണ്ടെന്നും കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും പറഞ്ഞ മോഹൻ ഭാഗവത് എല്ലാ പള്ളികളിലും ശിവലിംഗം കണ്ടെത്തി ഓരോ ദിവസവും പുതിയ തർക്കം തുടങ്ങേണ്ട കാര്യമില്ലെന്നും ആവശ്യപ്പെട്ടു. രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ച് ആർഎസ്എസ് അത് പൂർത്തിയാക്കി. നിലവിൽ ഒരു പ്രക്ഷോഭവും നയിക്കാൻ ആർഎസ്എസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *