കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയ്‌ന്റെ ഫ്‌ളാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 9.00 മുതല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയെക്കെല്ലാം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
മറൈന്‍ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതല്‍ബോള്‍ഗാട്ട് മേഖല വരെയും വല്ലാര്‍പാടം മുതല്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ല.
തീരദേശ സുരക്ഷാ സേനയുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകള്‍. തീരദേശ പോലീസിന്റെയും കര്‍ശന സുരക്ഷയുണ്ടാകും. പോലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.
ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല. നിലവില്‍ ഡ്രോണ്‍ നിരോധിത മേഖലയാണിത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മറൈന്‍ ഡ്രൈവില്‍ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ രാവിലെ 10.30 ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പോകുന്ന സീപ്ലെയ്ന്‍ ജലാശയത്തിലിറങ്ങും.
മാട്ടുപ്പെട്ടിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പുറപ്പെടുന്ന സീപ്ലെയ്ന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും. ബോള്‍ഗാട്ടി മറീനയ്ക്ക് സമീപത്തെ വേദിയില്‍ രാവിലെ 9.30 ന് സീപ്ലെയ്ന്‍ ഫ്‌ളാഗ് ഓഫുമായി ബന്ധപ്പെട്ട ചടങ്ങ് തുടങ്ങും.