‘സരിൻ കീഴടങ്ങണം, കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘സരിൻ കീഴടങ്ങണം, കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ കീഴടങ്ങണമെന്നും കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി സരിൻ വന്നതിന് പിന്നാലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് സരിന്റെ ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സരിൻ കോൺഗ്രസ്‌ നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ്‌ സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹമെന്നും അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതേസമയം പാർട്ടി തീരുമാനം കാത്തിരുന്നു കാണാമെന്നും തിരുവഞ്ചൂർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതിനിടെ സരിനെ തള്ളി മറ്റ് കോണ്‍ഗ്രസ് നേതാക്കളും രം​ഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളും തീരുമാനിച്ചതെണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സിരകളിൽ കോൺഗ്രസിന്റെ രക്തമോടുന്ന എല്ലാവരും പാർട്ടിയുടെ വിജയത്തിന് വേണ്ടി കൂടെയുണ്ടാകണം. രാഹുൽ മാങ്കൂട്ടം ആരുടേയും വ്യക്തിഗത സ്ഥാനാർത്ഥിയല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ പുനഃപരിശോധന വേണമെന്നാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ പി സരിന്റെ ആവശ്യം. പാലക്കാട്ടെ യാഥാർഥ്യം നേതൃത്വം തിരിച്ചറിയണമെന്നും തിരുത്താൻ ഇനിയും സമയമുണ്ടെന്നും പി സരിൻ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിരുന്നതായും പി സരിൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി സരിൻ. കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥി നിർണയമാവണമെന്നും ഇല്ലെങ്കിൽ തോൽക്കുക രാഹുൽമാങ്കൂട്ടത്തിലല്ലെന്നും രാഹുൽ ഗാന്ധിയായിരിക്കുമെന്നും പി സരിൻ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *